തണുപ്പുകാലത്ത് തൈര് കഴിക്കരുതെന്ന് പഴമക്കാർ, അത്ഭുതസിദ്ധികളുള്ള തൈര് കഴിക്കുന്നത് ഗുണകരമെന്ന് ആരോഗ്യവിദഗ്ധര്‍: തണുപ്പുകാല രോഗങ്ങളെക്കുറിച്ചും ഭക്ഷണ രീതികളെക്കുറിച്ചും വിശദമായി
പകര്‍ച്ചവ്യാധികളുടെ കാലം കൂടിയായ തണുപ്പുകാലത്ത് തൈര് കഴിക്കരുതെന്നൊരു ചൊല്ലുണ്ട്. ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങൾ പിടിപെടും എന്നതിനാലാണ് കുട്ടികളോടും പ്രായമായവരോടും തൈര് കഴിക്കരുതെന്ന് പറയാറുള്ളത്. എന്നാല്‍ തണുപ്പുകാലത്ത് തൈര് കഴിക്കുന്നത് ഗുണകരമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സും വിറ്റാമിനുകളും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ജലദോഷവും ചുമയും അകറ്റി നിര്‍ത്തുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടനെ തൈര് കഴിക്കരുത്. അതിന്റെ തണുപ്പ് മാറി റൂം ടെംപറേചറില്‍ ആയ ശേഷം ഉപയോഗിക്കുക. അതുപോലെ രാത്രി തൈര് കഴിക്കുന്നത് കൊണ്ട് ഒരു ദോഷവും വരില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.. രാത്രി ഭക്ഷണത്തോടൊപ്പം തൈരും കഴിക്കാം.
തൈര് തലച്ചോറില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് പുറത്തുവിടാന്‍ സഹായിക്കും. ഇത് ഞരമ്പുകള്‍ക്ക് കൂടുതല്‍ വിശ്രമം നല്‍കും. ഇതുവഴി മനസ് ശാന്തമാകുകയുംം വ്യക്തമായി ചിന്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തൈരിലെ സജീവമായ ബാക്ടീരിയകള്‍ രോഗമുണ്ടാക്കുന്ന അണുക്കളെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്തി കുടലിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. തൈരിലെ വിറ്റാമിനുകളും പ്രോട്ടീനും ലാക്ടോബാസിലസും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുകയാണെങ്കിലും തൈര് ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. തൈരില്‍ ആന്റിഓക്സിഡന്റുകള്‍ കൂടുതലായതിനാല്‍ വീക്കം, അണുബാധ എന്നിവ അകറ്റുന്നു. കൊഴുപ്പ് കുറഞ്ഞ പാലില്‍ ഉണ്ടാക്കുന്ന തൈര് കഴിക്കുകയാണെങ്കില്‍, അത് പൂരിത കൊഴുപ്പ് വര്‍ധിപ്പിക്കില്ലെന്ന് മാത്രമല്ല ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും കൂടാതെ കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവ ശരിയായി ആഗിരണം ചെയ്യാനും സഹായിക്കും.
തണുത്ത കാലവസ്ഥയിലാണ് ശ്വാസകോശത്തിന്റെ ആരോഗ്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. ആസ്മ പോലെയുള്ള ശ്വസനപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. തുമ്മല്‍, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, എപ്പോഴും കഫം ഉണ്ടാകുക, നെഞ്ചുവേദന, വലിവ് എന്നിവയെല്ലാം ശ്വാസകോശഅനാരോഗ്യത്തിന്റെ സൂചനകളാണ്. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാന്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണം. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ഡിയും ഒമേഗ ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞടുത്ത് കഴിക്കാം. അതിനാല്‍ ആപ്പിള്‍, വാള്‍നട്ട്, ബ്രൊക്കോളി, ബീന്‍സ്, ബെറിപ്പഴങ്ങള്‍, പപ്പായ, പൈനാപ്പിള്‍, കിവി, കാബേജ്, ക്യാരറ്റ്, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ദിവസവും വ്യായാമം ചെയ്യണം. യോഗ, ധ്യാനം തുടങ്ങിയവയും ശീലമാക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ലങ് കപ്പാസിറ്റി കൂട്ടാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ശ്വസനവ്യായാമങ്ങള്‍. ഒപ്പം കാര്‍ഡിയോ വ്യായാമങ്ങളും ചെയ്യാം. ഓട്ടം, സൈക്ലിങ്, നീന്തല്‍ ഇവയെല്ലാം നല്ലതാണ്. തണുപ്പുള്ള കാലവസ്ഥയില്‍ ആവി പിടിക്കുന്നത് നല്ലതാണ്. ഇത് കഫം പുറന്തള്ളാന്‍ സഹായിക്കും. പതിവായി ആവി പിടിക്കുന്നതോടൊപ്പം ഉപ്പുവെള്ളം വായില്‍ കൊള്ളുന്നതും നല്ലതാണ്. ചെറുചൂടുവെള്ളം ധാരാളമായി കുടിക്കാം. പുകവലി ഒഴിവാക്കുക. ചൂട് ലഭിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ഒപ്പം പൊടിയടിക്കാതെ ശ്രദ്ധിക്കുക. ശുദ്ധമായ വായു ശ്വസിക്കല്‍ പ്രധാനമാണ്. ആസ്മ രോഗികള്‍ മരുന്നുകള്‍ എപ്പോഴും കൈയില്‍ കരുതാൻ മറക്കേണ്ട. തുമ്മല്‍, ജലദോഷം, ചുമ എന്നിവയുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ ചികിത്സ തേടുക.