CrimeKeralaNEWS

ലഹരിയൊഴുകും നാട് ? സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിലധികം മയക്കുമരുന്ന് കേസുകൾ

ഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് മയക്കുമരുന്ന് നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിലേറെ കേസുകൾ! പൊലീസും എക്സൈസും രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമാണ് സംസ്ഥാനത്ത് മയക്കുമരുന്നിന്‍റെ വ്യാപനം ഞെട്ടിക്കുന്ന നിലയിൽ വർധിക്കുന്നെന്ന സൂചന നൽകുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ മയക്കുമരുന്ന് കാരിയർമാരായി പ്രവർത്തിക്കുന്നെന്നും അതിമൃഗീയമായാണ് അവർ ഈ കുട്ടികളോട് പെരുമാറുന്നതെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്ന് നിരോധന നിയമപ്രകാരം 2016 മുതൽ പൊലീസ് 63,745 ഉം എക്സൈസ് 36,680 കേസുകളുമാണ് രജിസ്റ്റർ ചെയ്തതെന്നാണ് ഔദ്യോഗിക കണക്കുകൾ.

മയക്കുമരുന്നിനെതിരെ ശക്തമായ നടപടികൾ തുടരുന്നെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഞെട്ടിക്കുന്നതാണ്. ഇതിൽ പല കേസുകളിലും പ്രതികളെ പിടികൂടാൻ സാധിക്കുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. മയക്കുമരുന്നിന് തടയിടുകയെന്ന ലക്ഷ്യത്തോടെ ലഹരി മുക്തകേരളം പദ്ധതി ഗാന്ധിജയന്തിദിനം മുതൽ റിപ്പബ്ലിക് ദിനം വരെ സംഘടിപ്പിക്കുന്നതിനിടെയാണ് ലഹരിമാഫിയയുടെ പ്രവർത്തനം സജീവമാണെന്ന് തെളിയിക്കുന്ന വിവരങ്ങളും പുറത്തുവരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മയക്കുമരുന്ന് നിരോധന നിയമപ്രകാരം 7177 കേസുകള്‍ എക്സൈസ് വകുപ്പ് മാത്രം കണ്ടെത്തിയിട്ടുണ്ട്. ഈ കേസുകളില്‍ ഉള്‍പ്പെട്ട 7123 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ. പൊലീസ് ഈ വര്‍ഷം 24563 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലായി 27,088 പ്രതികളെ അറസ്റ്റു ചെയ്യുകയുമുണ്ടായി.

ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച അതിതീവ്ര പ്രചരണ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 805 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 798 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇവരിൽ നിന്നും 60 വാഹനങ്ങള്‍ പിടിച്ചെടുത്തെന്നാണ് ഔദ്യോഗിക കണക്ക്. മയക്കുമരുന്ന് കേസുകളില്‍ സ്ഥിരം കുറ്റവാളികളായ 153 പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളുടെ കണക്ക്. ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പും ആരോഗ്യവകുപ്പും സഹകരിച്ച് എല്ലാ ജില്ലകളിലും ഡീ അഡീക്ഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് മൂന്ന് മേഖലകളിലായി ടെലിഫോണിക് കൗണ്‍സിലിംഗ്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

 

Back to top button
error: