തിരുവനന്തപുരം: 27 മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് നേരെ കാണികളുടെ കൂവല്‍. സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴാണ് കാണികള്‍ കൂവിയത്. ടിക്കറ്റ് കിട്ടാത്ത ഡെലിഗേറ്റുകളാണ് പ്രതിഷേധിച്ചത്.
എസ്.എഫ്.ഐയിലൂടെ കടന്നു വന്ന തനിക്ക് കൂവല്‍ പുത്തരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. 1976 ല്‍ എസ്.എഫ്.ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ടെന്നുഅദ്ദേഹം വ്യക്തമാക്കി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെയും പരാതികള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയര്‍ന്നത്. ഇത്തരത്തില്‍ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
ഐ.എഫ്.എഫ്.കെയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ അക്കാദമി പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് വിഷയത്തില്‍ പ്രതികരിച്ചത്. പ്രതിഷേധിച്ചവരില്‍ ഒരാള്‍ക്ക് ഡെലിഗേറ്റ് പാസ്സ് പോലുമുണ്ടായിരുന്നില്ല. പോലീസിനെ വിളിച്ചു വരുത്തിയത് അക്കാദമി അല്ലെന്നും രഞ്ജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.