IndiaKeralaNEWS

എ.ഐ.കെ.എസ്. ദേശീയ സമ്മേളനം സമാപിച്ചു: അശോക് ധാവ്‌ളെ പ്രസിഡന്റ്, വിജു കൃഷ്ണന്‍ സെക്രട്ടറി

തൃശൂര്‍: ഓള്‍ ഇന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്) അഖിലേന്ത്യാ പ്രസിഡന്റായി അശോക് ധാവ്‌ളെയും ജനറല്‍ സെക്രട്ടറിയുമായി വിജു കൃഷ്ണനെയും ഫിനാന്‍സ് സെക്രട്ടറിയായി പി. കൃഷ്ണപ്രസാദിനെയും തെരഞ്ഞെടുത്തു. കേരളത്തില്‍നിന്നു കേന്ദ്ര കൗണ്‍സിലിലേക്ക് ഒമ്പതുപേരെയും തെരഞ്ഞെടുത്തു. ഇ.പി. ജയരാജന്‍, എം. വിജയകുമാര്‍, കെ.എന്‍. ബാലഗോപാല്‍, കെ.കെ. രാഗേഷ്, വത്സന്‍ പാനോളി, എന്‍. പ്രകാശന്‍, ഗോപി കോട്ടമുറിക്കല്‍, ഓമല്ലൂര്‍ ശങ്കരന്‍, എം. സ്വരാജ് എന്നിവരെയാണു തെരഞ്ഞെടുത്തത്.

അശോക് ധാവ്ലെയും വിജു കൃഷ്ണനും

വൈസ് പ്രസിഡന്റുമാര്‍: ഹനന്‍മുള്ള, അമ്രാ റാം, ഇ.പി. ജയരാജന്‍, എസ്.കെ. പ്രീജ, അമല്‍ ഹല്‍ദാര്‍, ബ്ലിപ്ലവ് മജുംദാര്‍, പി. ഷണ്‍മുഖം, എം. വിജയകുമാര്‍, ഇന്ദ്രജിത്ത് സിങ്. ജോയിന്റ് സെക്രട്ടറിമാര്‍: ബാദല്‍ സരോജ്, വത്സന്‍ പാനോളി, പ്രഭിതാ ഖര്‍, മുകുദ് സിങ്, ടി. സാഗര്‍, ഡി. രവീന്ദ്രന്‍, അജിത് നാവ്‌ലെ, അവ്‌ദേശ് കുമാര്‍, വിനോദ് കുമാര്‍.

Signature-ad

ആഗോളവത്കരണ നയങ്ങളുടെ ഭാഗമായി കരാറുകള്‍ നടപ്പാക്കുമ്പോള്‍ ബാധിക്കുന്നതു സംസ്ഥാനങ്ങളെയെന്നു മുഖ്യമന്ത്രി പിണാറായി വിജയന്‍ സമാപന സമ്മേളനത്തിൽ പറഞ്ഞു. കാര്‍ഷിക പ്രാധാന്യമുള്ള രാജ്യമായിട്ടും ഇന്ത്യയില്‍ കര്‍ഷകര്‍ക്കു രക്ഷയില്ല. ആഗോളവത്കരണ- ഉദാരവത്കരണ നയങ്ങളാണിതിനു കാരണം. ഗാട്ടുകരാറിലൂടെ കര്‍ഷകരുടെ സബ്‌സിഡി ഇല്ലാതായി. കരാറിനെ ഇടതുപക്ഷം എതിര്‍ത്തപ്പോള്‍ മറ്റുള്ളവര്‍ അനുകൂലിച്ചു. നയപരമായ തെറ്റുതിരുത്താന്‍ ഭരണകൂടം തയാറായില്ലെന്നും പിണറായി പറഞ്ഞു.

ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നു മാറ്റിവച്ച ആസിയാന്‍ കരാര്‍ രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലത്തു നടപ്പാക്കി. കൃഷിക്കാര്‍ വായ്പ അടയ്ക്കാനാകാതെ ദുരിതത്തിലായി. കര്‍ഷക ആത്മഹത്യ കൂടി. മോദി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടിക്കെതിരേ പ്രക്ഷോഭം നടന്നപ്പോള്‍ ഇടതുപക്ഷം നേതൃത്വം നല്‍കി. വീണ്ടും കര്‍ഷക വിരുദ്ധ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. കോര്‍പ്പറേറ്റുകളുടെ കോടികള്‍ എഴുതിത്തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നു. പൊതുമേഖല വിറ്റുതുലയ്ക്കുന്നു. ഇതുതന്നെയാണു കോണ്‍ഗ്രസ് സര്‍ക്കാരുകളും ചെയ്തത്. മതനിരപേക്ഷതയും മൗലികാവകാശങ്ങളും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ പാര്‍ലമെന്റില്‍ ഒന്നും ചെയ്യുന്നില്ല. മതാടിസ്ഥാനത്തിലല്ല രാജ്യത്തു പൗരത്വം നല്‍കേണ്ടത്. ജനങ്ങളെ ഭിന്നിപ്പിച്ചാല്‍ രാജ്യവും തകര്‍ച്ചയിലാകുമെന്നും പിണറായി പറഞ്ഞു.

അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍, എ.സി. മൊയ്തീന്‍ എം.എല്‍.എ, ഇ.പി. ജയരാജന്‍, ടി. വെങ്കിട്ട്, ഹനന്‍ മൊള്ള, മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാധാകൃഷ്ണന്‍, ആര്‍. ബിന്ദു, കര്‍ഷക സംഘം നേതാക്കളായ എം. വിജയകുമാര്‍, വത്സന്‍ പാനോളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

 

Back to top button
error: