KeralaNEWS

ഏഴു വര്‍ഷം പൊട്ടക്കിണറ്റില്‍ പൂച്ചയുടെ ജീവിതം; ഭക്ഷണമെത്തിച്ച് വീട്ടുകാര്‍; ഒടുവില്‍ മോചനം

കോഴിക്കോട്: പൊട്ടക്കിണറ്റില്‍ ഏഴ് വര്‍ഷം കഴിച്ചുകൂട്ടിയ പൂച്ചയ്ക്ക് ഒടുവില്‍ മോചനം. ചേന്ദമംഗലൂര്‍ ഹൈസ്‌കൂള്‍ റോഡില്‍ താമസിക്കുന്ന ചക്കിട്ടക്കണ്ടി കണ്ടന്റെ വീട്ടിലെ പൂച്ചയാണ് പൊട്ടക്കിണറ്റില്‍ ഇത്രയും വര്‍ഷം കഴിച്ചുകൂട്ടിയത്. പുച്ചയെ തിരികെ കയറ്റിയെടുക്കാന്‍ കഴിയാതെ വന്നതോടെ കിണറ്റിലേക്ക് ഭക്ഷണമെത്തിച്ചാണ് പൂച്ചയെ വീട്ടുകാര്‍ പോറ്റിയത്.

പ്രസവിച്ചുകിടന്ന സമയത്ത് കുഞ്ഞുങ്ങളെ പിടിക്കാനെത്തിയ നായയെ ഓടിക്കുമ്പോഴാണ് അബദ്ധത്തില്‍ പൂച്ച, പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണത്. കണ്ടനും ഭാര്യ കൊറ്റിയും മകന്‍ സുനില്‍ കുമാറും മരുമകള്‍ ബേബി സുമതിയുമടങ്ങുന്ന കുടുംബം പൂച്ചയെ കരയ്ക്കുകയറ്റാന്‍ പടിച്ചപണി പതിനെട്ടും പയറ്റിനോക്കി.

Signature-ad

വലയിട്ടു നോക്കി. കൊട്ടയില്‍ ഭക്ഷണമിട്ട് പരീക്ഷിച്ചു. സ്വയം കയറിവരാന്‍ കമുകിന്‍തടി ഇറക്കികൊടുത്തു. ചിലപ്പോള്‍ കുറച്ചുമുകളിലേക്ക് കയറിവരുമെങ്കിലും പിന്നെ, പൂച്ച തിരിച്ച് താഴേക്കുതന്നെചാടും. കിണറിനടിഭാഗം ഇടിഞ്ഞുണ്ടായ മണ്‍പൊത്തിലായിരുന്നു പൂച്ചയുടെ വാസം. ഇടിയുമെന്ന ഭീതികാരണം കിണറ്റിലിറങ്ങി പൂച്ചയെ പിടികൂടാനും വയ്യ. അതോടെ നിത്യവും മുടങ്ങാതെ ഭക്ഷണം കിണിറ്റിലേക്ക് ഇറക്കിനല്‍കി പൂച്ചയെ പോറ്റുകയായിരുന്നു ഇവര്‍.

ഈയിടെ പൂച്ചയുടെ പാതാളവാസം അറിഞ്ഞ മുക്കം സന്നദ്ധസേനാംഗങ്ങളായ ഷബീര്‍ പുല്‍പ്പറമ്പിലും കബീര്‍ കളന്‍തോടും അതിനെ കരകയറ്റാന്‍ സന്നദ്ധരായി. കബീര്‍ കയറുകെട്ടി കിണറ്റിലിറങ്ങി പൂച്ചയെ കുടുക്കിട്ടുപിടിച്ച് കരയ്‌ക്കെത്തിച്ചു. അങ്ങിനെ ഏഴുവര്‍ഷത്തിനുശേഷം പൂച്ച പുറംലോകം കണ്ടു. ഷഫീക്ക് ചേന്ദമംഗലൂര്‍, ജിനാസ് കുട്ടന്‍ എന്നിവരും രക്ഷാദൗത്യത്തില്‍ പങ്കാളികളായി.

 

 

Back to top button
error: