KeralaNEWS

അരവണ കണ്ടൈനറുകള്‍ വീണ്ടും പൊട്ടുന്നു; കൂട്ടത്തോടെ കത്തിച്ചു കളയാന്‍ നിര്‍ദേശം

പത്തനംതിട്ട: ശബരിമലയില്‍ ഉപയോഗിക്കുന്നതിലും കൂടുതല്‍ അരവണ കണ്ടൈനറുകള്‍ ഉപയോഗ ശൂന്യമാകുന്നു എന്ന ആരോപണത്തിനിടെ പൊട്ടുന്നവ കൂട്ടത്തോടെ കത്തിച്ചു കളയാന്‍ നിര്‍ദേശം. മാളികപ്പുറത്തിനപ്പുറം പാണ്ടിത്താവളത്തിലെ ഇന്‌സിനറേറ്ററിലാണ് ഇവ കത്തിക്കുന്നത്. ദിനം പ്രതി മൂന്ന് ട്രാക്ടര്‍ ലോഡ് വരെ കണ്ടൈനറുകള്‍ ഇവിടേക്ക് കത്തിച്ചു കളയുന്നതിനായി എത്തിക്കുന്നുണ്ട്. ഈ മണ്ഡല കാലം ആരംഭിച്ചപ്പോള്‍ തന്നെ അരവണ ഡപ്പികളെ കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. നിലവാരം കുറഞ്ഞ ഈ ഡപ്പികളില്‍ യന്ത്ര സംവിധാനം ഉപയോഗിച്ച് അരവണ നിറക്കുമ്പോള്‍ ഇവ പൊട്ടുന്നത് പതിവാണ്.

ക്വാളിറ്റി പരിളോധനയില്‍ പരാജയപ്പെട്ടെങ്കിലും കരാറുകാര്‍ക്ക് വീണ്ടും അവസരം നല്‍കി. പിന്നീട് കരാര്‍ ഉറപ്പിച്ചെങ്കിലും ഡപ്പിയുടെ അടപ്പ് കൃത്യമായി അടയുന്നില്ല. എന്നാല്‍, ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ ദേവസം ബോര്‍ഡ് സ്വീകരിച്ചില്ല. കണ്ടയ്നര്‍ വൈകിയതിനുള്ള നോട്ടീസ് നല്‍കുക മാത്രമാണ് ഇവര്‍ ചെയ്തത്. തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടാകുന്നതോടെ അപ്പം, അരവണ പ്രസാദങ്ങള്‍ കൂടുതലായി കരുതേണ്ടി വരും. നിലവില്‍ 12 ലക്ഷത്തോളം ടിന്‍ അരവണ സ്റ്റോക്ക് ഉണ്ടെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്. നേരത്തെ ഉണ്ടായിരുന്ന കരാറുകാരന്‍ നല്‍കിയ 25 ലക്ഷം ഉള്‍പ്പടെ ആകെ 37 ലക്ഷം കണ്ടയ്‌നറുകളുമുണ്ട്.

Signature-ad

എന്നാല്‍, അരവണ വിതരണത്തിന് കൂടുതല്‍ ഡപ്പികള്‍ ലഭ്യമായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രശ്‌നം ഉണ്ടാകുമെന്നാണ് ബോര്‍ഡ് ജീവനക്കാര്‍ തന്നെ രഹസ്യമായി പറയുന്നത്. പരമാവധി രണ്ടാഴ്ച കൂടി വിതരണം ചെയ്യാനുള്ള ഡപ്പികളാണ് ഇപ്പോള്‍ ഉള്ളത്. ശരാശരി രണ്ടു മുതല്‍ മൂന്ന് ലക്ഷം വരെ ഡപ്പി അരവണ ദിവസേന ഭക്തര്‍ വാങ്ങുന്നുണ്ട്. തീര്‍ഥാടകരുടെ തിരക്ക് വന്‍തോതില്‍ ഉയരുന്നത് അരവണയുടെ വില്‍പനയിലും കാണിക്കുന്നുണ്ട്. വിതരണം ചെയ്യുന്ന ടിന്നുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ എത്ര വേണമെങ്കിലും വാങ്ങാം. അരവണ വിതരണത്തിനു വേണ്ടത്ര ഡപ്പികള്‍ കരാര്‍ കമ്പനി ലഭ്യമാക്കുന്നില്ലെന്ന് കാണിച്ച് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കരുതല്‍ ശേഖരം കുറയുന്നത് ആശങ്കക്ക് കാരണമാകുന്നുമുണ്ട്. ഇതിനിടയിലാണ് ഉപയോഗ ശൂന്യമായ ഡപ്പികള്‍ കത്തിച്ചു കളയുന്നത്.

 

Back to top button
error: