കപ്പകർഷർക്ക് ദുരിതകാലമായിരുന്നു അടുത്ത നാൾ വരെ. കോവിഡും അതിനോടനുബന്ധിച്ചുള്ള നിയന്ത്രണവും കാരണം വിദേശരാജ്യങ്ങളിലേയ്ക്ക് മരച്ചീനി കയറ്റി അയയ്ക്കുന്നതിൽ പ്രതിസന്ധി നേരിട്ടതോടെ കർഷകർ ദുരിതത്തിലായി.
ദുബായ്, ഖത്തർ, സൗദി അറേബ്യ, ബഹ്റിൻ, കുവൈറ്റ് തുടങ്ങിയ അറബ് രാജ്യങ്ങളിലാണ് കേരളത്തിൽ നിന്നുള്ള കപ്പയ്ക്ക് ഡിമാൻ്റ്.
കയറ്റുമതി കുറഞ്ഞതോടെ നാട്ടിൽ തുച്ഛമായ വിലയ്ക്ക് കപ്പ വിൽക്കേണ്ടി വന്നു. കൃഷി ചെയ്ത് നേട്ടമുണ്ടാക്കാമെന്ന കർഷകരുടെ സ്വപ്നം അതോടെ കൊഴിഞ്ഞു വീണു. കപ്പയ്ക്ക് തുടർച്ചയായി വില ഇല്ലാതായതോടെ പലരും ഈ കൃഷിയിൽനിന്ന് പിന്തിരിഞ്ഞു. കപ്പ കർഷകർക്ക് മുടക്കുമുതൽ പോലും തിരിച്ചുകിട്ടാത്ത അവസ്ഥയായിരുന്നു അടുത്ത കാലം വരെ.
പക്ഷേ കപ്പയുടെ തലവര മാറിയത് പെട്ടെന്നാണ്. കപ്പ കേരളത്തിൽ ഇന്ന് ഒരു സ്റ്റാര്‍ വിഭവം ആയി മാറി.
കേരളത്തില്‍ അരിവില കൂടുന്നു. എന്നാല്‍ കേരളത്തിലെ ‘ദരിദ്രന്റെ ഭക്ഷണം’ എന്നറിയപ്പെടുന്ന കപ്പ കഴിക്കാം എന്നു വച്ചാലോ അതിന്റെ വില 45/50 രൂപ വരെ എത്തി. മുന്‍ കാലങ്ങളില്‍ കപ്പയ്ക്ക് വിലയില്ല, കിലോയ്ക്ക് 5 രൂപ പോലും ലഭിക്കുന്നില്ല എന്നു പറഞ്ഞു വിലപിച്ചിരുന്നു. അടുത്ത കാലത്ത് എന്തുകൊണ്ട് വില കുതിച്ചുയര്‍ന്നു? ഇനി ഈ വില കുറയുമോ?
വില കുറയില്ല. കാരണം പലതാണ്.
ഇന്ത്യയിലെ മരച്ചീനി ഉല്പാദനത്തിന്റെ 83 ശതമാനവും തമിഴ്നാട് വകയാണ്. ഏതാണ്ട് 40 ലക്ഷം ടണ്‍. അവിടെ കപ്പക്കൃഷിക്ക് കരിമ്പ്, നെല്ല് തുടങ്ങിയ കൃഷികളെ അപേക്ഷിച്ചു കുറച്ചു ജലം മതി എന്നതും പണിച്ചെലവ് കുറവ് എന്നതുമൊക്കെ ഈ വിള വ്യാപിപ്പിക്കാന്‍ കാരണമായി.
വില കുറയും എന്നു കണ്ടപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ കപ്പയില്‍നിന്നും സ്റ്റാര്‍ച്ചും അനുബന്ധ ഉല്‍പ്പന്നങ്ങളും (ചൗവ്വരി, സാഗൊ, സാബൂദാന തുടങ്ങി പലതും) ഉണ്ടാക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചു .
ഫലം കമ്പനികള്‍ക്ക് വന്‍തോതില്‍ കപ്പ ആവശ്യമായി വന്നു. നിശ്ചിത വിലയും കിട്ടി. സ്റ്റാര്‍ച്ച് കയറ്റുമതി വിഭവം ആയതിനാല്‍ അതിനനുസരിച്ച് കര്‍ഷകനു വില കിട്ടി. ലോറിയില്‍ കയറ്റി മലയാളികള്‍ കുറഞ്ഞ വിലയ്ക്ക് കൊടുത്തു. ‘മണ്ടന്‍ പാണ്ടി’ അതിൽ നിന്ന് വൻ ലാഭം കൊയ്തു.
കേരളത്തില്‍ ഉല്പാദനം വെറും 4 ലക്ഷം ടണ്‍ മാത്രമാണ്. കൂടാതെ കസാവ മില്ലറ്റ് എന്ന രോഗ ബാധയും വ്യാപകം. നല്ല വില കിട്ടുമല്ലോ എന്നു കരുതി കേരളത്തില്‍ കൃഷി ചെയ്താലും കസാവ മില്ലറ്റ് വന്നു പണി തരും.
ലോകത്തിലെ അഞ്ചാമത്തെ വലിയ മരച്ചീനി കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ, രാജ്യത്തുടനീളം മൊത്തം 1.73 ലക്ഷം ഹെക്ടറില്‍ കൃഷി ചെയ്യുന്നു. തമിഴ്നാട്ടിലും കേരളത്തിലുമാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്.
കപ്പ സംസ്കരിക്കാം
പാകം ചെയ്ത കപ്പ ദിവസങ്ങളോളം സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. തൊലി കളഞ്ഞ് വൃത്തിയാക്കി മുറിച്ച് പാക്ക് ചെയ്ത് ഫ്രീസറിൽ സൂക്ഷിച്ചാൽ 20 ദിവസം കേടുകൂടാതെ ഇരിക്കും. റെഡി ടു കുക്കായി കയറ്റുമതിക്ക് സാധ്യതയുണ്ട്. കപ്പ വാട്ടിയെടുത്ത് ഉണക്കിപ്പൊടിച്ച് തരിരൂപത്തിലുള്ളതാക്കി ഉപ്പുമാവ്, കേസരി, പുട്ട് എന്നിവ ഉണ്ടാക്കാം. നന്നായി ഉണക്കിയാൽ രണ്ടു വർഷം വരെ സൂക്ഷിക്കാമെന്ന് കർഷകർ പറയുന്നു. പല രൂപത്തിലും കപ്പ മുറിച്ച് ഉപയോഗിക്കാം. ചിപ്സ്, മിക്സ്ചർ, ഉപ്പേരി, പാസ്ത, പക്കുവട, പപ്പടം, ബിസ്കറ്റ്, കേക്ക്, ബ്രഡ്, അവൽ കപ്പ തുടങ്ങിയ വിഭവങ്ങൾ മരച്ചീനിയിൽനിന്നു ഉണ്ടാക്കാം.
ഭക്ഷ്യയോഗ്യമല്ലാത്ത മരച്ചീനി കന്നുകാലികളുടെ ഭക്ഷണമാണ്. പാലുത്പാദനം കൂട്ടാനും സഹായിക്കും.