തിരിച്ചടിക്കുമോ അതോ വീണ്ടും തിരിച്ചടിയോ? ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം; കഠിന പരിശീലനത്തില്‍ വിരാടും രോഹിത്തും; രാഹുലിനു കീഴില്‍ അടിമുടി മാറ്റങ്ങള്‍; ജയ്‌സ്വാളും ടീമില്‍

റാഞ്ചി: ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയുടെ മുറിവുണക്കാന്‍ ശ്രമിക്കുന്ന ടീം ഇന്ത്യയ്ക്ക് മുന്‍പില്‍ ഇനി ഏകദിന പരീക്ഷണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 3 മത്സര പരമ്പരയ്ക്ക് ഇന്നു റാഞ്ചിയില്‍ തുടക്കമാകും. 25 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആവേശത്തിലാണ് ദക്ഷിണാഫ്രിക്ക അടുത്ത പരമ്പരയ്ക്കിറങ്ങുന്നത്. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ 2 പരമ്പരകളിലെ വിജയത്തിലാണ് ഇന്ത്യയുടെ ആത്മവിശ്വാസം. വ്യാഴാഴ്ച റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം ഇന്നലെ സ്റ്റേഡിയത്തില്‍ കഠിന പരിശീലത്തിലായിരുന്നു. വിരാട് കോലിയും രോഹിത് ശര്‍മയും ഏറെ നേരം നെറ്റ്‌സില്‍ ബാറ്റ് ചെയ്തു.
പരുക്കേറ്റ ശുഭ്മന്‍ ഗില്ലിന് പകരം കെ.എല്‍.രാഹുലിന് കീഴിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ടെസ്റ്റ് പരമ്പര കളിച്ച 8 താരങ്ങള്‍ മാത്രമാണുള്ളത്. ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചതോടെ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസ് ബോളിങ്ങിലെ പ്രതീക്ഷകള്‍. വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ മധ്യനിര ബാറ്ററായി തിലക് വര്‍മയും ടീമിലുണ്ട്.
വിവിധ ഫോര്‍മാറ്റുകളിലായി ഇന്ത്യന്‍ ടീമിനൊപ്പം 52 മത്സരങ്ങള്‍ കളിച്ച യശസ്വി ജയ്‌സ്വാളിന് ഇതുവരെ ഒരു ഏകദിനത്തില്‍ മാത്രമാണ് ഓപ്പണറായി ഇറങ്ങാനായത്. ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ പ്രതിഭകളുടെ കൂട്ടയിടിയായിരുന്നു അതിനു കാരണം.
ശുഭ്മന്‍ ഗില്ലിന് പരുക്കേറ്റതോടെ രോഹിത് ശര്‍മയ്‌ക്കൊപ്പം ജയ്‌സ്വാള്‍ ഈ പരമ്പരയില്‍ ബാറ്റിങ് ഓപ്പണറായെത്തും. 2 വര്‍ഷത്തിനുശേഷം ഏകദിന ടീമില്‍ തിരിച്ചെത്തിയ ഋതുരാജ് ഗെയ്ക്വാദാണ് ബാക്കപ് ഓപ്പണര്‍. ക്യാപ്റ്റന്‍ കെ.എല്‍.രാഹുലും വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്തും പ്ലേയിങ് ഇലവനില്‍ ഒന്നിച്ചുണ്ടാകുമോ എന്നതിലാണ് ആകാംക്ഷ.






