Breaking NewsLead NewsSports

മൂന്ന് സിക്സറടിച്ചല്‍ രോഹിത് ശര്‍മ്മ ഷഹീദ് അഫ്രീദിയെ മറികടക്കും ; സെഞ്ച്വറി അടിച്ചാല്‍ 20,000 റണ്‍സും ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള ആദ്യ ഏകദിനത്തില്‍ രോഹിതിനെ കാത്തിരിക്കുന്നത് റെക്കോഡ്

റാഞ്ചി: ടെസ്റ്റിന് പിന്നാലെ ഞയറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ലോക ഒന്നാം നമ്പര്‍ ഏകദിന ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മ ടീം ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് തുറക്കും. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ടീം ഇന്ത്യയ്ക്കായി ഒരു അര്‍ദ്ധസെഞ്ച്വറിയും ഒരു അപരാജിത സെഞ്ച്വറിയും നേടിയ മുംബൈയില്‍ നിന്നുള്ള വലംകൈയ്യന്‍ ബാറ്റ്‌സ്മാന്റെ മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

റാഞ്ചിയിലെ ജെഎസ്സിഎ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കോംപ്ലക്‌സില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യക്കാരന്‍, ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ബാറ്റ്‌സ്മാന്‍ എന്നിങ്ങനെ ഒന്നിലധികം ബാറ്റിംഗ് റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള അവസരാണ് രോഹിതിന് മുന്നിലുള്ളത്.

Signature-ad

ഇതുവരെ കളിച്ച 276 ഏകദിനങ്ങളില്‍ നിന്ന് 349 സിക്‌സറുകള്‍ രോഹിത് ശര്‍മ്മ നേടിയിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കുറഞ്ഞത് മൂന്ന് സിക്സറുകളെങ്കിലും നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞാല്‍, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ഷാഹിദ് അഫ്രീദിയുടെ റെക്കോര്‍ഡ് അദ്ദേഹം മറികടക്കും. 1996 മുതല്‍ 2015 വരെയുള്ള 19 വര്‍ഷം നീണ്ട ഏകദിന കരിയറില്‍, ഇതിഹാസ ഓള്‍റൗണ്ടര്‍ ഏഷ്യ ഇലവന്‍, ഐസിസി ഇലവന്‍, പാകിസ്ഥാന്‍ എന്നിവയ്ക്കായി 398 മത്സരങ്ങള്‍ കളിച്ചു, 351 സിക്സറുകളാണ് അഫ്രീദി നേടിയിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇതുവരെ കളിച്ച 55 മത്സരങ്ങളില്‍ നിന്ന് 58 സിക്‌സറുകള്‍ രോഹിത് നേടിയിട്ടുണ്ട്. ഏഴ് സിക്‌സറുകള്‍ നേടിയാല്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡ് മറികടക്കാന്‍ രോഹിതിന് കഴിയും. ഓസ്‌ട്രേലിയ (138), ശ്രീലങ്ക (86), വെസ്റ്റ് ഇന്‍ഡീസ് (88) എന്നിവര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ റെക്കോര്‍ഡ് ഇതിനകം തന്നെ അദ്ദേഹത്തിന്റെ പേരിലാണ്.

അതുപോലെ തന്നെ ഒരു സെഞ്ച്വറി നേടാനായാല്‍ ഏകദിനക്രിക്കറ്റില്‍ 20,000 റണ്‍സ് തികയ്ക്കും. ഈ നേട്ടത്തിലെത്താന്‍ രോഹിതിന് 98 റണ്‍സ് കൂടി മതി. നിലവില്‍, 502 മത്സരങ്ങളില്‍ നിന്ന് 19,902 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ഇതുവരെ, 13 ബാറ്റ്സ്മാന്‍മാര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 ല്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട്. കുറഞ്ഞത് 98 റണ്‍സെങ്കിലും നേടുന്നതോടെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി എന്നിവര്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാന്‍ രോഹിതിന് കഴിയും.

അതുപോലെ തന്നെ ആദ്യ ഏകദിനത്തിലെ ഒരു സെഞ്ച്വറി, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഒരു ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയതിന്റെ റെക്കോര്‍ഡ് രോഹിതിനെ മറികടക്കും. നിലവില്‍, ഓപ്പണര്‍ എന്ന നിലയില്‍ 45 സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമാണ് അദ്ദേഹം. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണര്‍ എന്ന നിലയില്‍ അദ്ദേഹത്തെക്കാള്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: