എംഎല്‍എ മാത്യു ടി തോമസിനും തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ല ; 1984 മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ വോട്ട് ചെയ്തിട്ടുണ്ട് ; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എംഎല്‍എ

പത്തനംതിട്ട: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം വന്നപ്പോള്‍ തിരുവല്ല എംഎല്‍എ മാത്യു ടി തോമസിനും പണികിട്ടി. എംഎല്‍എയും ഭാര്യയും വോട്ടര്‍പട്ടികയിലില്ല. 2002ലെ വോട്ടര്‍ പട്ടികയിലാണ് എംഎല്‍എയുടെയും ഭാര്യ അച്ചാമ്മ അലക്സിന്റെയും പേര് ഇല്ലാത്തത്. എസ്ഐആറുമായി ബന്ധപ്പെട്ട എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കുന്ന ഘട്ടത്തിലാണ് പേരില്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടത്.
1984 മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ താനും ഭാര്യയും വോട്ട് ചെയ്തിട്ടുണ്ട്. സാങ്കേതികമായി പേര് ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല എന്ന വിവരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും ഉടന്‍ തന്നെ കമ്മീഷന് പരാതി നല്‍കുമെന്നും പറഞ്ഞു. 2002ലെ തന്റെയും ഭാര്യയുടെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശമുണ്ട്. വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന കാര്യം ഞെട്ടലുണ്ടാക്കിയെന്നും പറഞ്ഞു.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രദേശത്തെ ബൂത്ത് ലെവല്‍ ഓഫീസറാണ് മാത്യു ടി തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടര്‍പട്ടികയിലില്ലെന്ന കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മാത്യു ടി തോമസ് അറിയിച്ചു. ആറ് തവണ നിയമസഭയിലേക്ക് മത്സരിക്കുകയും അഞ്ച് തവണ എംഎല്‍എ ആവുകയും ഒരു തവണ പാര്‍ലമെന്റിലേക്ക് മത്സരിക്കുകയും ചെയ്ത രാഷ്ട്രീയ പശ്ചാത്തലമുള്ള തനിക്ക്, നിലവിലെ പരിശോധനയില്‍ 2002ലെ വോട്ടര്‍സിസ്റ്റത്തില്‍ പേര് കാണുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.






