മോദിയേയും ബിജെപിയേയും പുകഴ്ത്തി പുകഴ്ത്തി ശശി തരൂരിന് മതിയായില്ല ; മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ മത വിവേചനമില്ല ; കേരള സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ വികസനം നടപ്പാക്കിയത് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനേയും നരേന്ദ്രമോദിയെയും നിരന്തരം പുകഴ്്ത്തിപറയുന്നത് പതിവാക്കി മാറ്റിയിട്ടുള്ള കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വീണ്ടും ഞെട്ടിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയപരിപാടികളെ വാഴ്ത്തിയാണ് തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ മതവിവേചനം കണ്ടിട്ടില്ലെന്നാണ് ശശിതരൂര്‍ എം.പി. യുടെ ഭാഷ്യം.
ബിജെപിയുടെ വിവേചന രാഷ്ട്രീയത്തെക്കുറിച്ച് മോദിയോട് നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. പി എം ശ്രീയില്‍ കാവിവല്‍ക്കരണം കാണുന്നില്ല. സിലബസില്‍ പ്രശ്നമുണ്ടെങ്കില്‍ സംസ്ഥാനം പുതിയ സിലബസ് നടപ്പാക്കിയാല്‍ മതിയെന്നും പറഞ്ഞു. കേരള സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ വികസനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയെന്നും തൊഴിലില്ലായ്മ ഇനിയും പരിഹരിക്കണമെന്നും യുപിഎ സര്‍ക്കാറിന്റെ പല പദ്ധതികളും മോദി സര്‍ക്കാര്‍ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശുചിത്വഭാരത പദ്ധതി അടക്കം മോദി സര്‍ക്കാരിന്റെ ചില പരിപാടികള്‍ക്ക് പിന്തുണയുണ്ട്. മന്ത്രിയായിരുന്നപ്പോള്‍ വകുപ്പിന് പുറത്തുള്ള വിഷയങ്ങളില്‍ സംസാരിക്കാന്‍ അധികാരമില്ലായിരുന്നു എന്നും പറഞ്ഞു. പൗരത്വ നിയമഭേദഗതിയോട് വിയോജിപ്പുണ്ട്. മോദി സര്‍ക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാല്‍ മതിയോ? രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതിയെന്നും ശശി തരൂര്‍ വ്യക്തമാക്കി. രാജ്യവും കേരളവും നന്നാകണം എന്നതാണ് എല്ലാവരുടെയും വിശ്വാസമെന്നും നിക്ഷേപകര്‍ ആത്മഹത്യചെയ്ത ഏക സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ നടപടിവേണമെന്നും പറഞ്ഞു.






