CrimeNEWS

വിവാഹം വാഗ്ദാനം നൽകി പണംതട്ടി; 44 ലക്ഷവുമായി മുങ്ങിയ യുവാവിനെതിരേയുള്ള കേസിൽ വിധി, യുവതിയിൽനിന്ന് വാങ്ങിയ പണവും കോടതി ചെലവും തിരിച്ച് കൊടുക്കണം

അൽ ഐൻ: ഒരു യുവതിക്ക് വിവാഹ വാഗ്ദാനം നൽകി 44 ലക്ഷം രൂപ വാങ്ങിയ ശേഷം മറ്റൊരു സ്‍ത്രീയെ വിവാഹം ചെയ്‍ത പുരുഷനെതിരെ യുഎഇ കോടതിയുടെ വിധി. വാങ്ങിയ പണവും കോടതി ചെലവും തിരിച്ച് കൊടുക്കണമെന്നാണ് അൽ ഐൻ സിവിൽ കോടതി ഉത്തരവിട്ടത്. യുഎഇയിൽ ജോലി ചെയ്യുന്ന ഒരു ഗൾഫ് പൗരനെതിരെ അതേ നാട്ടുകാരിയായ യുവതിയാണ് കോടതിയെ സമീപിച്ചത്.

യുഎഇയിൽ വെച്ച് പരിചയപ്പെട്ട ഇരുവരുടെയും സൗഹൃദം വളർന്ന് പിന്നീട് വിവാഹം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ യുവാവ് തന്റെ സാമ്പത്തിക പരാധീനതകൾ യുവതിക്ക് മുന്നിൽ നിരത്തി. വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന്റെ ചെലവ് വഹിക്കാൻ തനിക്ക് ഇപ്പോൾ സാധിക്കില്ലെന്നായിരുന്നു യുവാവ് പറഞ്ഞത്. ദീർഘകാലമായുള്ള പരിചയവും ബന്ധത്തിൽ കാണിക്കുന്ന ആത്മാർത്ഥതയും വിശ്വസിച്ച യുവതി പണം നൽകാമെന്ന് സമ്മതിച്ചു.

രണ്ട് ലക്ഷം ദിർഹമാണ് (44 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) തന്റെ അക്കൗണ്ടിൽ നിന്ന് യുവതി ഇയാൾക്ക് ട്രാൻസ്‍ഫർ ചെയ്‍ത് നൽകിയത്. എന്നാൽ പണം കിട്ടിയതിന് തൊട്ടുപിന്നാലെ യുവാവ് തന്നെ അവഗണിക്കാൻ തുടങ്ങിയെന്നും ഫോൺ കോളുകൾ എടുക്കാതെയായെന്നും പരാതിയിൽ പറയുന്നു. പിന്നീട് അന്വേഷിച്ചപ്പോൾ ഇയാൾ മറ്റൊരു സ്‍ത്രീയെ വിവാഹം ചെയ്തുവെന്നും കണ്ടെത്തി.

ഇതോടെയാണ് യുവാവിനെതിരെ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. താൻ കൊടുത്ത പണം തിരികെ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇരുഭാഗത്തെയും വാദങ്ങൾ കേട്ട ശേഷം യുവാവ് വാങ്ങിയ മുഴുവൻ പണവും തിരികെ നൽകണമെന്നും യുവതിയുടെ കോടതി ചെലവും കൂടി വഹിക്കണമെന്നും ജഡ്ജി ഉത്തരവിടുകയായിരുന്നു.

Back to top button
error: