‘നിങ്ങൾ എങ്ങനത്തെ അമ്മയാണ്?’ സമീറ റെഡ്ഡിയുടെ വീഡിയോ വൈറൽ!
സമീറ റെഡ്ഡിയെന്ന നടിയെ അറിയാത്തവരായി ആരും കാണില്ല. ബോളിവുഡില്‍ പത്ത് വര്‍ഷത്തോളം സജീവമായി സിനിമകള്‍ ചെയ്തെങ്കിലും സൗത്തിന്ത്യക്കാര്‍ക്ക് ‘വാരണം ആയിരം’ ആണ് സമീറയെ പരിചയപ്പെടുത്തുന്നത്. സൂര്യക്കൊപ്പമുള്ള ചിത്രവും അതിലെ ഗാനങ്ങളുമെല്ലാം ഏറെ ഹിറ്റ് ആയതോടെ സൗത്തിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമായി സമീറ. മലയാളത്തില്‍ ‘ഒരു നാള്‍ വരും’ എന്ന ചിത്രത്തിലും സമീറ വേഷമിട്ടിട്ടുണ്ട്. എന്നാല്‍ 2014ല്‍ വിവാഹിതയായ ശേഷം സിനിമകളില്‍ സജീവമല്ല സമീറ. വ്യവസായിയായ അക്ഷി വര്‍ദ്ധെയെ ആണ് സമീറ വിവാഹം ചെയ്തത്. 2015ല്‍ തന്നെ സമീറയ്ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. ആദ്യത്തേത് ആണ്‍കുഞ്ഞായിരുന്നു. 2019ല്‍ തന്‍റെ മകള്‍ക്കും സമീറ ജന്മം നല്‍കി.
ഇതിനിടെ സമീറ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ‘ബോഡി ഷെയിമിംഗ്’ എന്ന അനാരോഗ്യകരവും അനീതി നിറഞ്ഞതുമായ പ്രവണതയെ ഒറ്റക്ക് നിന്ന് എതിര്‍ത്തുകൊണ്ടാണ്. ‘ബോഡി പോസിറ്റിവിറ്റി’ അഥവാ ശരീരം എങ്ങനെയാണെങ്കിലും അതിനെ സ്നേഹിക്കാനും അതില്‍ അഭിമാനം കാണാനും സാധിക്കുന്ന സമീപനത്തെ നിരന്തരം മറ്റുള്ളവരിലേക്ക് എത്തിക്കാൻ സമീറ ശ്രമിച്ചിരുന്നു. നടിയായതിനാല്‍ തന്നെ പ്രസവശേഷം വണ്ണം വച്ചപ്പോഴും മുടി നരച്ചപ്പോഴുമെല്ലാം താൻ നേരിട്ട മോശം കമന്‍റുകള്‍ സമീറയെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിലേക്ക് നയിച്ചു. അധികവും സ്ത്രീകള്‍ തന്നെ സമീറയുടെ ആരാധകര്‍.
View this post on Instagram
ഇപ്പോഴിതാ സമീറയുടെ രസകരമായൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ‘നിങ്ങള്‍ എങ്ങനത്തെ അമ്മയാണ്?’ എന്നതാണ് സമീറയുടെ വീഡിയോയുടെ വിഷയം. ഏതുതരം അമ്മയാണെങ്കിലും കുഞ്ഞുങ്ങളെ പരിപാലിക്കുകയെന്നത് അത്ര നിസാരമായ വിഷയമല്ലെന്നും ഇതിന് ഒരുപാട് അധ്വാനമുണ്ടെന്നും തെളിയിക്കുന്നത് തന്നെയാണ് വീഡിയോ. ചില അമ്മമാര്‍ എപ്പോഴും കുഞ്ഞുങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കി തളര്‍ന്നുപോകും. ഇങ്ങനത്തെ അമ്മമാരെയാണ് വീഡിയോയില്‍ ആദ്യം പ്രതിപാദിക്കുന്നത്. രണ്ടാമതായി, ജിമ്മില്‍ പോകുന്ന അമ്മയാണ്. ജിമ്മില്‍ പോകുന്ന അമ്മയാണെങ്കിലും കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതില്‍ നിന്ന് അവധിയില്ല. കാരണം അവരുടെ സ്കൂള്‍ ബാഗ് വരെ പിടിച്ചുകൊണ്ട് വര്‍ക്കൗട്ട് തുടരുകയാണ്.
ഇതിന് ശേഷം ഫാഷനബിളായ അമ്മ, ഇന്‍ഫ്ളുവൻസറായ അമ്മ, എന്നോടൊന്നും സംസാരിക്കേണ്ട എന്ന തരത്തിലുള്ള അമ്മയെ എല്ലാം രസകരമായി സമീറ വീഡിയോയില്‍ കാണിക്കുന്നുണ്ട്. സാമൂഹികമായി ഏറെ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പോലും ഹാസ്യത്തിലൂടെ അത് അവതരിപ്പിക്കാനുള്ള സമീറയുടെ കഴിവിനെയാണ് പ്രധാനമായും ഏവരും പ്രകീര്‍ത്തിക്കുന്നത്.