CrimeNEWS

പ്രയപൂർത്തിയാകാത്ത രണ്ടുപേർ പരസ്പരം സ്‌നേഹിക്കുന്നത് പോക്‌സോ ആക്‌ട് പ്രകാരം “ലൈംഗിക അതിക്രമം” ആകില്ലെന്ന് മേഘാലയ ഹൈക്കോടതി

ഷില്ലോങ്: പ്രയപൂർത്തിയാകാത്ത രണ്ടുപേർ പരസ്പര സ്‌നേഹിക്കുന്നത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമണങ്ങൾ തടയുന്ന നിയമം (പോക്‌സോ ആക്‌ട്) പ്രകാരം “ലൈംഗിക അതിക്രമം” ആകില്ലെന്ന് മേഘാലയ ഹൈക്കോടതി. പോക്‌സോ കേസിൽ കുറ്റാരോപിതനായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കേസ് റദ്ദാക്കിയുള്ള വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഒക്‌ടോബർ 27-ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഡബ്ല്യു ഡീങ്‌ദോയാണ് വിധി പുറപ്പെടുവിച്ചത്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ പ്രായപൂർത്തിയാത്ത ആൺകുട്ടിയും, പെൺകുട്ടിയുടെ അമ്മയും നൽകിയ പരസ്പര ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഡീങ്ദോ. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒരു അധ്യാപികയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. പെൺകുട്ടിയെ രണ്ട് തവണ അധ്യാപകൻ കാണാതായപ്പോൾ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കാമുകനുമായി ശാരീരിക ബന്ധമുണ്ടെന്ന് കണ്ടെത്തി. പൊലീസ് പോക്‌സോ നിയമത്തിലെ സെക്ഷൻ 5(എൽ)/6 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ആൺകുട്ടി അറസ്റ്റിലാവുകയും പത്ത് മാസം ജയിലിൽ കിടക്കുകയും ചെയ്തു.
മജിസ്‌ട്രേറ്റിന് മുമ്പാകെ സമർപ്പിച്ച മൊഴിയിൽ പെൺകുട്ടി തനിക്ക് പ്രതിയുമായി ശാരീരിക ബന്ധമുണ്ടെന്നും ആൺകുട്ടിയുമായുള്ള ബന്ധം ഉഭയസമ്മതപ്രകാരമാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും മൊഴി കൊടുത്തു. എന്നാൽ പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

ഷില്ലോങ്ങിലെ പ്രത്യേക ജഡ്ജി പോക്‌സോ മുമ്പാകെ കേസ് വിചാരണയ്ക്ക് എത്തിയപ്പോൾ. പ്രതിയായ കുട്ടിക്കെതിരെ കേസ് റദ്ദാക്കുന്നതിനായി ഹർജിക്കാർ പരസ്പര ധാരണയിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ഇരകളിൽ ലൈംഗികാതിക്രമങ്ങൾ ഉണ്ടാകാനിടയുള്ള ആഴത്തിലുള്ള വൈകാരിക പ്രശ്നങ്ങളും, ഗുരുതരമായ ശരീരിക മാനസിക പ്രശ്നങ്ങഴും പരിഹരിക്കാനാണ് പോക്‌സോ നിയമത്തിലെ വ്യവസ്ഥകൾ കർശനമാക്കിയതെന്ന് ഹൈക്കോടതി കോടതി അംഗീകരിച്ചു. “നല്ല സ്പർശനം’, ‘മോശം സ്പർശം’ എന്ന് പോലും ഇപ്പോൾ നിലവിലുണ്ട്. ഒരു കുറ്റവാളി ഇരയായ കുട്ടിയെ സ്പർശിക്കുന്ന രീതിയിലുള്ള ലൈംഗികത പോലും പോക്‌സോയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പ്രോസിക്യൂഷന് ഉന്നയിക്കാം” – കോടതി പറഞ്ഞു.

എന്നാൽ കാമുകനും കാമുകിയും പരസ്പര സ്‌നേഹ പ്രവൃത്തികളിൽ ഏർപ്പെടുന്ന ഇത്തരം കേസുകളിൽ പോക്‌സോ നിയമം ചുമത്താൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, പ്രതിയായ പ്രായപൂർത്തിയാകാത്ത വ്യക്തിക്കെതിരായ കേസ് റദ്ദാക്കുകയും ക്രിമിനൽ കേസിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ കെ ഗൗതം ഹാജരായപ്പോൾ പ്രൊസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ എസ് സെൻഗുപ്തയും എച്ച് ഖർമിയും ഹാജരായി.

Back to top button
error: