ഭോപ്പാല്‍: ചിക്കന്‍കറി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസി മര്‍ദനമേറ്റ് മരിച്ചു. ഭോപ്പാലിലെ ചവാനി പഥറില്‍ ചൊവ്വാഴ്ചയാണ് സംഭവം. ബബ്ലു അഹിര്‍വാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി പപ്പു അഹിര്‍വാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചിക്കന്‍ പാചകം ചെയ്യുന്നതിനെച്ചൊല്ലിയാണ് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായത്. പ്രതി പപ്പു അഹിര്‍വാര്‍ ഭാര്യയെ ക്രൂര മര്‍ദനത്തിന് ഇരയാക്കി. ഇരുവരും തമ്മിലുള്ള വഴക്ക് കേട്ട് അയല്‍വാസികളെത്തി തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ബബ്ലുവിനെ പപ്പു വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ ബബ്ലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
സംഭവം നടന്നത് ചൊവ്വാഴ്ചയാണെങ്കിലും വെള്ളിയാഴ്ച പ്രതി പപ്പു അഹിര്‍വാറിനെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.