CrimeNEWS

വിദ്യാർത്ഥിയെ സ്കൂൾ ക്യാന്റീൻ ജീവനക്കാരൻ മോഷണം ആരോപിച്ച് ആക്രമിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: ബാലുശ്ശേരി കോക്കല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയെ സ്കൂൾ ക്യാന്റീൻ ജീവനക്കാരൻ മോഷണം ആരോപിച്ച് ആക്രമിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ പോലീസ് മേധാവി (റൂറൽ) 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ടോയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

സെപ്റ്റംബർ 26 നായിരുന്നു പരാതിക്കാസ്പദമായ സംഭവമുണ്ടായത്. സ്കൂൾ ക്യാന്റീനിൽ നിന്നും മിഠായി വാങ്ങി വരുമ്പോഴാണ് ക്യാന്റീൻ ജീവനക്കാരനായ സജി ആക്രമിച്ചതെന്ന് വിദ്യാർത്ഥി പരാതിയിൽ പറയുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ബാലുശേരി പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പേരിന് ഒരു കേസെടുത്തെങ്കിലും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. കേസ് നവംബർ 29 ന് കോഴിക്കോട് സിറ്റിംഗിൽ പരിഗണിക്കും.

Signature-ad

പിതാവിന്റെ മരണശേഷം രണ്ടാനമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയ മക്കളുടെ നടപടിക്കെതിരെയും കമ്മീഷൻ കേസെടുത്തു. അന്തരിച്ച പോലീസ് ഉദ്യോഗസ്ഥൻ ചന്ദ്രന്റെ രണ്ടാം ഭാര്യ വളയനാട് സ്വദേശിനി ശോഭന സമർപ്പിച്ച പരാതിയിലാണ് നടപടി. മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് നവംബർ 29 ന് പരിഗണിക്കും.

Back to top button
error: