കണ്ണൂർ : വടക്കെ പൊയിലൂരിൽ അമ്മയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ലഹരിക്കടിമയായ മകൻ അറസ്റ്റിൽ. കൊളവല്ലൂർ പൊലീസാണ് നിഖിൽ രാജിനെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിന് കേസടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 20നാണ് ജാനുവിനെ നിഖിൽ രാജ് വെട്ടി പരുക്കേൽപ്പിച്ചത്.
20ന് രാത്രി എട്ടു മണിയോടെയാണ് സംഭവമുണ്ടായത്. പട്ടിയെ വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലെത്തിയത്. നിഖിൽ രാജ് വീട്ടിലെ സാധനങ്ങൾ നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാര് വിവരമറിയിച്ചത് അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. വെട്ടേറ്റ ജാനുവിനെ ആശുപത്രിയിലെത്തിച്ചതും പൊലീസാണ്.
ജാനുവിന്റെ ഇരു കൈകളിലും തുന്നലിട്ടിട്ടുണ്ട്. ജാനുവോ നാട്ടുകാരോ രേഖാമൂലം പരാതി നൽകാത്തതിനാൽ കേസെടുക്കാനാവില്ലെന്നായിരുന്നു ആദ്യം പൊലീസ് നിലപാട്. എന്നാൽ നിഖിൽ രാജ് സമീപവാസികൾക്കെല്ലാം ഭീഷണിയാണെന്നും പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും നാട്ടുകാര് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.