പട്‌ന: ബിഹാറില്‍ ഏഴാം ക്ലാസ് സാമൂഹിക ശാസ്ത്ര ചോദ്യ പേപ്പറില്‍ കശ്മീരിനെ പ്രത്യേക രാജ്യമായി പരാമര്‍ശിച്ചതു വിവാദമായി. കിഷന്‍ഗഞ്ച് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അര്‍ധ വാര്‍ഷിക പരീക്ഷാ ചോദ്യ പേപ്പറിലാണു വിവാദ ചോദ്യം. കശ്മീര്‍ ചോദ്യ വിവാദത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും സംഭവത്തെ കുറിച്ചു വിശദ അന്വേഷണം നടത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ ആവശ്യപ്പെട്ടു.
ചൈനയിലുള്ള ജനങ്ങളെ ചൈനക്കാര്‍ എന്നു വിളിക്കുന്നതു പോലെ നേപ്പാള്‍, ഇംഗ്ലണ്ട്, കശ്മീര്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ള ജനങ്ങളെ എന്തു വിളിക്കുമെന്നായിരുന്നു ചോദ്യം. ചോദ്യ കര്‍ത്താവിന്റെ കൈപ്പിഴയെന്നാണു ബിഹാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ബിഹാര്‍ വിദ്യാഭ്യാസ പ്രോജക്ട് കൗണ്‍സിലിനാണ് (ബി.ഇ.പി.സി) സര്‍ക്കാര്‍ സ്‌കൂളുകളിലെ ചോദ്യപേപ്പര്‍ തയാറാക്കാനുള്ള ഉത്തരവാദിത്തം. ഓരോ ജില്ലകള്‍ക്കും പ്രത്യേക ചോദ്യപേപ്പര്‍ തയാറാക്കി അയക്കുന്നതാണ് രീതി.
വിവാദമായതിനെ തുടര്‍ന്ന് ചോദ്യപേപ്പര്‍ തയാറാക്കിയവര്‍ക്ക് ബി.ഇ.പി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.