IndiaNEWS

ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ, പിണറായി വിജയൻ വിചാരണ നേരിട്ടെ മതിയാകൂ എന്നും വിശദമായി വാദം കേൾക്കണന്നും കടുത്ത നിലപാടിൽ സിബിഐ

മുപ്പതിലേറെ തവണ മാറ്റിവെച്ച ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹർജികളിൽ വിശദമായി വാദം കേൾക്കണമെന്ന് സിബിഐ ആവശ്യപ്പെടും. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഈ ആവശ്യം ഉന്നയിക്കുക. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിചാരണ നേരിട്ടെ മതിയാകൂ എന്നാണ് സിബിഐയുടെ നിലപാട്.

ഹ്രസ്വമായ വാദം കേൾക്കലിലൂടെ തീർപ്പാക്കാവുന്ന കേസല്ല ലാവലിൻ കരാറുമായി ബന്ധപ്പെട്ട ഹർജികളെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഹർജിയുടെ പ്രാധാന്യം കണക്കിലെടുത്ത് സോളിസിസ്റ്റർ ജനറൽ ഉൾപ്പടെ കേന്ദ്ര സർക്കാറിന്റെ നാല് സീനിയർ അഭിഭാഷകരാണ് സിബിഐയ്ക്ക് വേണ്ടി ഹാജരാകുന്നത്. സോളിസിസ്റ്റർ ജനറൽ തുഷാർ മേത്തയ്ക്ക് പുറമെ അഡീഷണൽ സോളിസിറ്റർ ജനറൽമാരായ എസ്.വി രാജു, മാധവി ദിവാൻ, കെ.എം നടരാജ് എന്നിവരാണ് സിബിഐയ്ക്ക് വേണ്ടി ഹാജരാകുന്നത്.

പിണറായി വിജയനെ കേസിൽ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയതുൾപ്പടെയുള്ള ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസിന്റെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്, കെ. കസ്തൂരി രംഗ അയ്യർ, ആർ. ശിവദാസൻ, കെ. ജി. രാജശേഖരൻ നായർ എന്നിവർ നൽകിയ ഹർജികളും സുപ്രീം കോടതി പരിഗണിക്കും. കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചിരുന്നു. രണ്ട് കോടതികൾ സമാന സ്വഭാവത്തിൽ പുറപ്പടിവിച്ച വിധി റദ്ദാക്കണമെങ്കിൽ വ്യക്തമായ കാരണങ്ങൾ നിരത്തണമെന്ന് സിബിഐയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രേഖകളുടെ പിൻബലത്തോടെ ചില വസ്തുതകൾ കോടതിയിൽ ഉന്നയിക്കുവാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബിക്ക് കനത്ത നഷ്ടമാണ് ലാവലിൻ കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നാണ് സിബിഐയുടെ പ്രധാന വാദം. എസ്എൻസി ലാവലിൻ കമ്പനിക്ക് ഭീമമായ ലാഭവും ലഭിച്ചു. കെഎസ്ഇബിയുമായി ഉണ്ടായിരുന്ന കൺസൾട്ടൻസി കരാർ സപ്ലൈ കരാറായി മാറിയതാണ് ലാവലിൻ കമ്പനിക്ക് ഭീമമായ ലാഭം കിട്ടാൻ കാരണം. കരാറിലെ ഈ മാറ്റമുണ്ടായത് കമ്പനിയുടെ അതിഥിയായി പിണറായി വിജയൻ കാനഡയിൽ ഉണ്ടായിരുന്നപ്പോൾ ആണെന്നും സിബിഐയുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടും. അതിനാൽ തന്നെ പിണറായി വിജയൻ കേസിൽ വിചാരണ നേരിടണമെന്നാണ് സിബിഐയുടെ ആവശ്യം.

കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഒരു കക്ഷിയും ഇനി ആവശ്യപ്പെടരുതെന്ന് കഴിഞ്ഞ വർഷം ഏപ്രിൽ ആറിന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. അതിനാൽ ഇത്തവണ ആ ആവശ്യം കോടതിയിൽ ഉന്നയിക്കപ്പെടാൻ സാദ്ധ്യത ഇല്ല.

Back to top button
error: