KeralaNEWS

സബ് കളക്ടര്‍ തെമ്മാടിയാണ് ; ദേവികുളം സബ് കളക്ടര്‍ക്കെതിരെ അധിക്ഷേപവുമായി എംഎം മണി

മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ക്കെതിരെ അധിക്ഷേപവുമായി സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണി. ദേവികുളം സബ്കളക്ടര്‍  രാഹുൽ കൃഷ്ണ ശർമ്മ തെമ്മാടി ആണെന്നായിരുന്നു എംഎം മണിയുടെ അധിക്ഷേപം. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അനുകൂല നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും അത് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും  എംഎം മണി ആരോപിച്ചു.

ജില്ലയിലെ ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട്  സ്വീകരിക്കുന്ന നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ മുഖേന ദേവികുളം സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം പാടെ അവഗണിച്ച സബ് കളക്ടര്‍ മുഖ്യമന്ത്രി മൈതാനപ്രസംഗം നടത്തിയാല്‍ മതിയെന്ന് ആക്ഷേപിച്ചെന്നാണ് സിപിഎമ്മം ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേത്യത്വത്തില്‍ ദേവികുളം ആര്‍ഡിഒ ഓഫീസിലേക്ക് നേതാക്കള്‍ ബഹുജന മാര്‍ച്ച് സംഘടിച്ചു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് എംഎം മണി സബ്കളക്ടര്‍ക്കെതിരെ രംഗത്തെത്തിയത്.

Signature-ad

മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം അങ്ങാടി പ്രസംഗമാണെന്ന് പറഞ്ഞ സബ് കളക്ടര്‍ തെമ്മാടിയാണന്നും, യുപി അല്ല ഇത് കേരളമാണെന്ന് ഓര്‍മിക്കണമെന്നും ദേവികുളം സബ്കളക്ടറോട് പറഞ്ഞു. യുപില്‍ ദളിതര്‍ ഉള്‍പ്പടെയുള്ള യുവതികളെ ബലാല്‍കാരം ചെയ്ത് കെട്ടിത്തൂക്കുകയാണ് ചെയ്യുന്നത്. അവിടുന്ന് വന്ന സബ് കളക്ടര്‍ ഭൂവിഷയങ്ങളില്‍ ഇവിടുത്തെ ജനങ്ങളെ വിഷമത്തിലാക്കുന്നു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങുമെന്നും എംഎം മണി പറഞ്ഞു.

ദേവികുളം ഇറച്ചിപ്പാറയില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ആര്‍ഡിഒ ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും നേതാക്കളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെവി ശശി, വിഎന്‍ മോഹനന്‍, ഷൈലജ സുരേന്ദ്രന്‍, ദേവികുളം എംഎല്‍എ അഡ്വ. എ രാജ, ഏരിയ സെക്രട്ടറി കെകെ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: