IndiaNEWS

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്: പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഖാര്‍ഗെയോ തരൂരോ ?

♦അലന്‍ വണ്ടാനത്ത്♦

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ അംഗമായ ശശി തരൂരും തമ്മിലാണു മത്സരം. കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. ഈ അതിസങ്കീര്‍ണ കാലത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാനുള്ള നേതൃദൗത്യം ആര്‍ക്കായിരിക്കുമെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ വെളിവാകും. രണ്ടു ദശാബ്ദ കാലത്തിനുശേഷം ആദ്യമായിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതും പ്രത്യേകതയാണ്. ഇന്ന് രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെയാണ് വോട്ടിങ്. 19നാണ് വോട്ടെണ്ണല്‍.

Signature-ad

‘കുടുംബാധിപത്യ’ വിമര്‍ശനത്തിന് മറുപടി

കാല്‍ നൂറ്റാണ്ടിനിടെ ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ കോണ്‍ഗ്രസിനൊരു അധ്യക്ഷന്‍ വരുന്നതോടെ ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികളുടെ കുടുംബാധിപത്യ വിമര്‍ശനത്തിന് അറുതിയാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. അപ്പോഴും പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിച്ചും ഇനിയുമൊരു ഒഴുക്കിന് തടയിട്ടും കോണ്‍ഗ്രസിനെ ഒരു പാര്‍ട്ടിയായി നിലനിര്‍ത്തുക എന്ന കഠിനദൗത്യം പുതിയ അധ്യക്ഷനെ കാത്തിരിക്കുന്നുണ്ട്. പഴയ സുവര്‍ണകാലത്തിലേക്ക് പാര്‍ട്ടിയെ എത്തിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ ഒട്ടും എളുപ്പമല്ലതാനും. എന്തായാലും പുതിയ അധ്യക്ഷനുമുന്നില്‍ കടമ്പകള്‍ ഏറെയാണ്. ഗാന്ധി കുടുംബത്തില്‍ നിന്ന് മൂന്നുപേര്‍ സജീവമായി രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോഴാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ച സോണിയ ഗാന്ധി നിലവില്‍ താല്‍ക്കാലിക അധ്യക്ഷയാണ്. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം.പി. ഭാരത് ജോഡോ യാത്ര എന്ന കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ നീക്കത്തിലാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സജീവമായി തുടരുന്നു.

വോട്ടെടുപ്പ് രഹസ്യ പേപ്പര്‍ ബാലറ്റില്‍

രാവിലെ പത്തു മുതല്‍ നാലു വരെ വിവിധ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസുകളില്‍ ഒരുക്കുന്ന പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ്. രഹസ്യ പേപ്പര്‍ ബാലറ്റിലാണ് വോട്ട് ചെയ്യുക. ബാലറ്റില്‍ ആദ്യ പേര് ഖാര്‍ഗെയുടേതാണ്. രണ്ടാമത് തരൂര്‍. വോട്ട് ചെയ്യാനുള്ള കളത്തില്‍ സീല്‍ ചെയ്തശേഷം മടക്കിയ ബാലറ്റ് പേപ്പര്‍ ബോക്‌സില്‍ നിക്ഷേപിക്കണം. പേരെഴുതി ഒപ്പിട്ടശേഷം മുറിച്ചെടുത്ത സ്ലിപ്പുകള്‍ ബാലറ്റ് പെട്ടിക്കൊപ്പം പ്രത്യേകം അയക്കും. സ്ലിപ്പുകളുടെ എണ്ണവും പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും വോട്ടെണ്ണുംമുമ്പ് തിട്ടപ്പെടുത്തും.

രാഹുല്‍ ഗാന്ധി ബെല്ലാരിയില്‍ വോട്ട് ചെയ്യും

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ബെല്ലാരിയില്‍ വോട്ട് ചെയ്യും. ബെല്ലാരിയിലെ സംഗനക്കല്ലിയിലായിരിക്കും രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന 40 പിസിസി പ്രതിനിധികളും വോട്ട് ചെയ്യുകയെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് അറിയിച്ചു. കേരളത്തില്‍ തിരുവനന്തപുരത്തെ കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് വോട്ടെടുപ്പ് നടക്കുക. 310 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. രാജ്യത്താകമാനം 65 പോളിങ് ബൂത്തുകള്‍ തയാറാക്കിയിട്ടുണ്ട്. സംസ്ഥാന പിസിസി ആസ്ഥാനങ്ങളിലും ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തുമാണ് പോളിങ് ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എഐസിസി ആസ്ഥാനത്ത് വോട്ട് ചെയ്യും.

9370 വോട്ടുകള്‍

28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പി.സി.സി.) അംഗങ്ങള്‍ ഉള്‍പ്പെടെ 9370 പേരാണ് വോട്ടവകാശം വിനിയോഗിക്കുക. എല്ലാ പി.സി.സി അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. സംസ്ഥാനാധ്യക്ഷ സ്ഥാനത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍ പി.സി.സി. അധ്യക്ഷന്മാരും വോട്ടര്‍മാരാണ്. എം.എല്‍.എമാരില്‍ ചിലര്‍ക്ക് പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികള്‍ എന്ന നിലക്ക് വോട്ടു ചെയ്യാം. പി.സി.സി. അംഗങ്ങളുടെ എണ്ണത്തിന്റെ അഞ്ച് ശതമാനമോ അല്ലെങ്കില്‍ പരമാവധി 15 പേരോ എന്നതാണ് പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളുടെ എണ്ണം. ആന്‍ഡമാനില്‍ ഒഴികെ, മറ്റെല്ലായിടത്തു നിന്നും നാമനിര്‍ദേശകരായി പി.സി.സി അംഗങ്ങളായവരാണ് വോട്ടര്‍മാര്‍. അതുകൊണ്ടു തന്നെ ഈ അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിന് വഴിയൊരുക്കുമോയെന്ന് കണ്ടറിയണം. പാര്‍ട്ടി വിഭാവനം ചെയ്ത രീതിയില്‍ താഴേ തട്ടുമുതല്‍ തെരഞ്ഞെടുപ്പ് നടത്തി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളായവരാണ് ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുന്നതെങ്കില്‍ പ്രവചനാതീതമാകുമായിരുന്നു തെരഞ്ഞെടുപ്പ് ഫലം.

പ്രത്യേകതകള്‍ നിറഞ്ഞ തെരഞ്ഞെടുപ്പ്

കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാംതവണയാണ് അധ്യക്ഷപദത്തിലേക്ക് മത്സരം നടക്കുന്നത്. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത് രണ്ട് തവണ മാത്രമാണ്. 1997ലും 2000ലും. സീതാറാം കേസരിയും ശരദ് പവാറും രാജേഷ് പൈലറ്റും തമ്മിലായിരുന്നു 1997ലെ മത്സരം. സീതാറാം കേസരി അധ്യക്ഷനായി. അന്ന് അദ്ദേഹത്തിനായി 67 സെറ്റ് നാമനിര്‍ദേശ പത്രികകളാണ് വിവിധ പി.സി.സികള്‍ സമര്‍പ്പിച്ചത്. എതിരാളികളായ ശരദ് പവാറും രാജേഷ് പൈലറ്റും മൂന്ന് സെറ്റ് വീതം പത്രിക നല്‍കി. 7,460 വോട്ടുകളാണ് പോള്‍ ചെയ്തത്. 6,224 വോട്ടുനേടി സീതാറാം കേസരി അനായാസ ജയം സ്വന്തമാക്കി. രാജേഷ് പൈലറ്റ് 354 വോട്ടുകളും ശരത് പവാര്‍ 888 വോട്ടുകളും നേടി. 2000ല്‍ സോണിയാ ഗാന്ധിയും ജിതേന്ദ്ര പ്രസാദയും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. 7542 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 7,448 വോട്ടുകള്‍ നേടി സോണിയ വിജയിച്ചപ്പോള്‍ ജിതേന്ദ്ര പ്രസാദക്ക് കിട്ടിയതാകട്ടെ 94 വോട്ട്.

പരാതി; വോട്ടിങ് രീതിയില്‍ മാറ്റം

ശശി തരൂരിന്റെ പരാതിയെത്തുടര്‍ന്നു കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വോട്ട് ചെയ്യാന്‍ സ്ഥാനാര്‍ഥിയുടെ പേരിനടുത്ത് ടിക് മാര്‍ക്ക് രേഖപ്പെടുത്തിയാല്‍ മതി. സ്ഥാനാര്‍ഥിയുടെ പേരിന് നേരെ അക്കത്തില്‍ ഒന്ന് എന്നെഴുതിയാല്‍ മതിയെന്നായിരുന്നു ആദ്യ നിര്‍ദേശം. ഒന്ന് എന്നെഴുതുന്നത് ബാലറ്റ് പേപ്പറില്‍ ആദ്യ പേരുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വോട്ട് ചെയ്യണം എന്നുള്ള ആഹ്വാനമായി വ്യാഖ്യാനിക്കും എന്നു തരൂര്‍ പരാതി ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുമായി തരൂര്‍ ഈ വിഷയം ചര്‍ച്ച ചെയ്തു. ഇതിനു പിന്നാലെയാണ് വോട്ടിങ് രീതി മാറ്റിയത്. അതേസമയം, എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയെക്കുറിച്ചു തരൂര്‍ ഉന്നയിച്ച പരാതിയില്‍ നടപടിയുണ്ടായില്ല. 9,376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 3267 പേരുടെ മേല്‍വിലാസമില്ലെന്നായിരുന്നു പരാതി.

വോട്ടെണ്ണല്‍ 19ന്

19ന് രാവിലെ 10 മുതല്‍ ന്യൂഡല്‍ഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്താണ് വോട്ടെണ്ണല്‍. പോള്‍ ചെയ്ത വോട്ടുകള്‍ അടങ്ങിയ ബാലറ്റുപെട്ടികള്‍ സീല്‍ ചെയ്ത് വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. 19ന് രാവിലെ പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ബാലറ്റുപെട്ടികള്‍ തുറക്കും. വോട്ടുകള്‍ കൂട്ടി കലര്‍ത്തിയാണ് എണ്ണല്‍. വോട്ടെണ്ണല്‍ തീരുന്ന മുറക്ക് ഫലം പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായ മധുസൂദന്‍ മിസ്ത്രിയാണ് റിട്ടേണിങ് ഓഫീസര്‍.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ ഖാര്‍ഗെ

അരനൂറ്റാണ്ടായി രാഷ്ട്രീയരംഗത്ത് തിളങ്ങിനില്‍ക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്ന 80കാരന്‍ എക്കാലത്തും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ്. അതിലേറെ വര്‍ഗീയതാവിരുദ്ധ പോരാട്ടത്തിലെ മുന്‍നിരക്കാരനുമാണ്. ഗുല്‍ബര്‍ഗ ജില്ലയിലെ യൂണിയന്‍ നേതാവായി തുടങ്ങി രാജ്യസഭയുടെ പ്രതിപക്ഷനേതാവിലേക്കുള്ള വളര്‍ച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിന്റെ തെളിവാണ്. 1969ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം ഗുര്‍മിത്കല്‍ നിയമസഭ മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി ഒമ്പതുതവണ ജയിച്ചാണ് തോല്‍വിയറിയാത്ത നേതാവ് എന്ന വിശേഷണത്തിന് അര്‍ഹനായത്. രണ്ടുതവണ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റിലും എത്തി. മോദിതരംഗം ആഞ്ഞടിച്ച 2014ലെ തെരഞ്ഞെടുപ്പില്‍ 74,000 വോട്ടുകള്‍ക്കാണ് ഖാര്‍ഗെ ഗുല്‍ബര്‍ഗയില്‍നിന്ന് ജയിച്ച് പാര്‍ലമെന്റിലെത്തിയത്.

എന്നാല്‍, 2019ല്‍ ബി.ജെ.പിയുടെ ഉമേഷ് യാദവിനോട് 95,452 വോട്ടുകള്‍ക്ക് തോറ്റു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍, പ്രതിപക്ഷനേതാവ്, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് (2014-2019) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്‍മോഹന്‍ സിങ് നയിച്ച യു.പി.എ സര്‍ക്കാരില്‍ തൊഴില്‍, റെയില്‍വേ, സാമൂഹികനീതി വകുപ്പ് മന്ത്രിയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ എസ്. നിജലിങ്കപ്പക്കുശേഷം കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന രണ്ടാമത്തെ കര്‍ണാടകക്കാരനാകും ഖാര്‍ഗെ. ജഗ്ജീവന്‍ റാമിനു ശേഷം എ.ഐ.സി.സി. പ്രസിഡന്റ് ആകുന്ന രണ്ടാമത്തെ ദലിത് നേതാവും.

‘വേര്‍ഡ്‌സ്മിത്ത്’ കസേര പിടിച്ചെടുക്കുമോ ?

കോണ്‍ഗ്രസിന്റെ ചരിത്രം മാറ്റിയെഴുതാനുള്ള വാക്കുകള്‍ അണിയറയിലൊരുക്കുകയാണ് ഇന്ത്യന്‍ ‘വേര്‍ഡ്‌സ്മിത്ത്’ എന്ന വിശേഷണംപേറുന്ന ശശി തരൂര്‍. 53ാം വയസിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ‘പുതുമുഖ’മായെത്തിയത്. മുന്‍ യു.എന്‍ നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, 83 ലക്ഷം ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്നീ നിലകളില്‍ രാഷ്ട്രീയ എതിരാളികളുടെ പോലും ആരാധനാപാത്രമാണ് ഈ 66കാരന്‍.

2009ല്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍നിന്ന് ആദ്യം മത്സരിക്കുമ്പോള്‍ ‘പുറംനാട്ടുകാരന്‍’ എന്ന് എതിര്‍പക്ഷം പ്രചരിപ്പിച്ചിട്ടും 2014ലും 2019ലും ജയം ആവര്‍ത്തിച്ച് ‘ഇന്നാട്ടുകാരന്‍’ തന്നെയെന്ന് തെളിയിച്ചു. ‘ഞാന്‍ ഒറ്റക്ക് ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങി, ആളുകള്‍ ഒപ്പം ചേര്‍ന്നു, ഒരാള്‍ക്കൂട്ടമായി മാറി’ എന്ന ഉര്‍ദു കവി മജ്‌റൂഹ് സുല്‍ത്താന്‍പുരിയുടെ വരികളാണ് പാര്‍ട്ടിയില്‍ തന്റെ പിന്തുണ വര്‍ധിക്കുന്നുവെന്ന് സൂചിപ്പിച്ച് തരൂര്‍ അടുത്തിടെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. യു.എന്‍ കാലത്ത് നിരവധി ദൗത്യങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച തരൂര്‍ പുതിയ ദൗത്യത്തിന് യോഗ്യത നേടുമോയെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Back to top button
error: