KeralaNEWS

മുന്‍ എംഎല്‍എ കൈകാര്യം ചെയ്യാന്‍ ആഹ്വാനവുമായി മുന്‍മന്ത്രി; പാര്‍ട്ടിയെ വഞ്ചിച്ചു, രാജേന്ദ്രനെ ശരിയാക്കണം അവനെ വെറുതെ വിടരുത്: എം.എം. മണി

മൂന്നാർ: മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യാന്‍ ആഹ്വാനവുമായി മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണി. മൂന്നാറില്‍ നടന്ന എസ്‌റ്റേറ്റ് എംബ്ലോയീസ് യൂണിയന്റെ 54 മത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് വിവാദ പരാമര്‍ശം. പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എംഎല്‍എ ആകുകയും അതിന് മുന്‍പ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത എസ് രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തത്. ഉണ്ട ചോറിന് നന്ദി കാണിച്ചില്ല.

പാര്‍ട്ടിയുടെ തീരുമാനപ്രകാരം രണ്ടുപ്രാവശ്യം മത്സരിച്ചവര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എ രാജയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ എ രാജയെ തോല്‍പ്പിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ രാജേന്ദ്രന്‍ നടത്തുന്ന നീക്കങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസിലാക്കി വളര്‍ത്തണം. രാജേന്ദ്രനെ ശരിയാക്കണം അവനെ വെറുതെ വിടരുതെന്നുമാണ് എംഎം മണി തൊഴിലാളികളോട് പറഞ്ഞത്.

മൂന്നാറില്‍ സിഐടിയുവിന്റെ ദേവികുളം എസ്‌റ്റേറ്റ് എംബ്ലോയീസ് യൂണിയന്റെ 54 മത് വാര്‍ഷിക യോഗം നടക്കുകയാണ്. സ്ത്രീ തൊഴിലാളികളടക്കം ആയിരക്കണക്കിന് ആളുകളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇവിടെയാണ് മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ എംഎം മണി സ്വരം കടുപ്പിച്ചത്. നേരത്തെ സംഘടനാ വിരുദ്ധത ആരോപിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് എസ് രാജേന്ദ്രനെതിരെ നടപടി എടുത്തിരുന്നു.

ദേവികുളത്തെ ഇടത് സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന് രണ്ടംഗ കമ്മീഷന്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടിക്ക് ശുപാര്‍ശ വന്നത്. എന്നാല്‍ എന്തുവന്നാലും പാര്‍ട്ടി വിടില്ലെന്നായിരുന്നു രാജേന്ദ്രന്‍റെ നിലപാട്. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തിയതായും രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

Back to top button
error: