IndiaNEWS

അഴിമതിക്കേസുകള്‍ അട്ടിമറിക്കാന്‍ അര കോടി കൈക്കൂലി; പഞ്ചാബ് മുന്‍മന്ത്രി അറസ്റ്റില്‍

ഛണ്ഡീഗഡ്: അഴിമതിക്കേസുകളില്‍നിന്ന് രക്ഷിക്കാന്‍ വിജിലന്‍സിന് അര കോടി കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ പഞ്ചാബ് മുന്‍ മന്ത്രി സുന്ദര്‍ശ്യാം അറോറ അറസ്റ്റില്‍. ഇന്നലെ രാത്രി വൈകിയാണ് അറോറ വിജിലന്‍സ് ബ്യൂറോയുടെ പിടിയിലായത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അറോറ.

അനധികൃത സ്വത്ത് സമ്പാദനമുള്‍പ്പെടെ മൂന്ന് കേസുകളില്‍ മുന്‍മന്ത്രി വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. സംഘം രണ്ട് തവണ അറോറയെ ചോദ്യം ചെയ്തു. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുകയാണെന്നും, തനിക്കെതിരായ ശക്തമായ തെളിവികള്‍ വിജിലന്‍സ് ശേഖരിച്ചെന്നും മനസിലാക്കിയ അറോറ കേസ് അന്വേഷിച്ചിരുന്ന എ.ഐ.ജി മന്‍മോഹന്‍ സിംഗിന് കൈക്കൂലി നല്‍കാന്‍ പദ്ധതിയിട്ടു. ഉദ്യോഗസ്ഥന് ഒരു കോടി കൈക്കൂലി വാഗ്ദാനം ചെയ്യുകയും വീട്ടിലേക്ക് പണം എത്തിക്കുമെന്നും പറഞ്ഞു.

എ.ഐ.ജി മന്‍മോഹന്‍ തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞു. വിഷയം ഉടന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന് പിന്നാലെയാണ് പ്രതികളെ കെണിയൊരുക്കി പിടികൂടാന്‍ പദ്ധതിയിട്ടത്. അമ്പത് ലക്ഷം രൂപയുമായി മുന്‍ മന്ത്രിയോട് സിരാക്പൂരിലെ കോസ്‌മോ മാളില്‍ എത്താന്‍ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നല്‍കി. പണവുമായി എത്തിയ മുന്‍മന്ത്രിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇതിനിടെ രണ്ട് സര്‍ക്കാര്‍ സാക്ഷികളെയും ഹാജരാക്കി. ഇതോടൊപ്പം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആറ് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കോണ്‍ഗ്രസ് മുന്‍മന്ത്രിയുടെ അറസ്റ്റാണിത്. നേരത്തെ ക്യാപ്റ്റന്‍ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന സാധു സിംഗ് ധരംസോട്ട്, ഭരത് ഭൂഷണ്‍ ആഷു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

 

 

 

Back to top button
error: