Breaking NewsNEWS

വിഷാദരോഗിയെന്ന് ലൈല കോടതിയില്‍; പ്രതികള്‍ റിമാന്‍ഡില്‍, കാക്കനാട് ജയിലിലേക്കു മാറ്റും

കൊച്ചി: നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെ റിമാന്‍ഡ് ചെയ്തു. മൂന്നു പ്രതികളെയും രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രതികളെ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രാവിലെ ഹാജരാക്കിയിരുന്നു. പത്തു ദിവസത്തേക്കു പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. മുഹമ്മദ് ഷാഫി വേറെ സ്ത്രീകളെയും പൂജയില്‍ പങ്കാളിയാകാന്‍ ആവശ്യപ്പെട്ട് സമീപിച്ചെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് പോലീസ് നിലപാട്.

അതിനിടെ, താന്‍ വിഷാദ രോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നും ലൈല കോടതിയെ അറിയിച്ചു. റിമാന്‍ഡില്‍ വിട്ട പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റും. കസ്റ്റഡി അപേക്ഷ പോലീസ് ഇന്നു തന്നെ നല്‍കും.

Signature-ad

തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് പ്രതികളെ രാവിലെ കടവന്ത്ര പോലീസ് സ്റ്റേഷനിലും പിന്നീടു കോടതിയിലും എത്തിച്ചത്. ഷാളില്‍ മുഖം മറച്ചാണു ലൈലയെ എത്തിച്ചത്. ഇന്നു പുലര്‍ച്ചയോടെ കൊച്ചിയില്‍ എത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്നോടിയായി കടവന്ത്ര സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലാണു സ്റ്റേഷനില്‍ എത്തിച്ചത്. ഉടന്‍ തന്നെ കോടതിയിലേക്കു കൊണ്ടു പോയി.

അതേസമയം, വേറെയും സ്ത്രീകള്‍ ഷാഫിയുടെ വലയിലായിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കൊച്ചിയില്‍നിന്നു സമീപകാലത്തു കാണാതായ സ്ത്രീകളെ സംബന്ധിച്ച വിവരം പോലീസ് ശേഖരിക്കുന്നുണ്ട്. ഇവരുമായി ഷാഫി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിരുന്നോ എന്നാണു പരിശോധിക്കുന്നത്.

Back to top button
error: