NEWS

ഓണം,പൂജ അവധി; ഇടുക്കിയിൽ സഞ്ചാരികളുടെ വൻ തിരക്ക്

മൂന്നാർ : കേരളത്തിലെ തന്നെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

 മൂന്നാര്‍, രാമക്കല്‍മേട്, തേക്കടി, വാഗമണ്‍, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക് തുടങ്ങിയ പ്രമുഖകേന്ദ്രങ്ങള്‍ക്ക് പുറമെ വെള്ളച്ചാട്ടങ്ങളും നീലക്കുറിഞ്ഞി മലകളുമടക്കം സഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന നിരവധിയിടങ്ങള്‍ ജില്ലയിലുണ്ട്.
 ജില്ലയിലാകെ ഡി.ടി.പി.സിയുടെ കീഴില്‍ 12 ടൂറിസം കേന്ദ്രങ്ങളാണുള്ളത്. ഡി.ടി.പി.സിയുടെ കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലും ഇക്കോ ടൂറിസം സെന്ററുകളിലും കഴിഞ്ഞ ഒരു മാസമായി സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കൂടാതെ. സ്‌പൈസസ് പാര്‍ക്കുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റെഡി ഫോട്ടോഗ്രാഫി തുടങ്ങി വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും കോവിഡ് കാലത്തിനു ശേഷം ഉണര്‍വ് വ്യക്തമാണ്.
ഓണാവധിക്ക് വന്‍ തിരക്കാണ് പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്. അതിന്റെ രണ്ടിരട്ടി തിരക്കാണ് പൂജാ അവധിക്ക് ജില്ലയിലുണ്ടായത്. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികള്‍ മൂന്നാറും വാഗമണ്ണും തേക്കടിയുമടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിതോടെ ഇടുക്കി അക്ഷരാര്‍ത്ഥത്തില്‍ ഹൗസ് ഫുള്ളായി.
 മൂന്നാര്‍, തേക്കടി, വാഗമണ്‍ എന്നിവിടങ്ങളിലെ പ്രധാന ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും മുറികളെല്ലാം രണ്ടാം തീയതി മുതല്‍ അഞ്ചാം തീയതി വരെ ദിവസങ്ങള്‍ക്ക് മുമ്ബ് ബുക്കിംഗ് പൂര്‍ണമായിരുന്നു. കൂടുതല്‍ പേരും രണ്ട് ദിവസത്തെ യാത്ര ക്രമീകരിച്ച്‌ എത്തുന്നവരാണ്. തിങ്കളാഴ്ച ലീവ് എടുത്ത് ഞായറാഴ്ച വൈകിട്ട് മുതല്‍ ബുധനാഴ്ച വരെ അടിച്ചുപൊളിച്ചവരും കുറവല്ല.
സാധാരണ പൂജാ അവധിക്ക് ഉത്തരേന്ത്യക്കാരാണ് കൂടുതലായി എത്തിയിരുന്നത്. ഇത്തവണ തമിഴ്‌നാട്ടില്‍ ഒരാഴ്ചയോളം അവധിയുള്ളതിനാല്‍ തമിഴ്‌നാട് സ്വദേശികളാണ് സഞ്ചാരികളിലേറെയും.

Back to top button
error: