Breaking NewsNEWS

”പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി കെട്ടിവയ്ക്കണം; അബ്ദുല്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം”

മിന്നല്‍ ഹര്‍ത്താലില്‍ നിലപാട് കടുപ്പിച്ച് ഹെക്കോടതി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കുളള ജാമ്യത്തിന് കടുത്ത ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്.

ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പി.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താറിനെ പ്രതി ചേര്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താലിലും ബന്ദിലും ജനങ്ങള്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നു ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

Signature-ad

രണ്ടാഴ്ചയ്ക്കുള്ളില്‍ തുക കെട്ടി വച്ചില്ലെങ്കില്‍ സംഘടനയുടെ സ്വത്തുക്കള്‍ക്കും സെക്രട്ടറി ഉള്‍പ്പെടെ ഭാരവാഹികളുടെ സ്വത്തുക്കള്‍ക്കും എതിരെ ആഭ്യന്തര വകുപ്പ് റവന്യൂ റിക്കവറി നടപടിയെടുക്കണം. ഈ തുക പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കുകയും അക്രമത്തില്‍ നാശമനഷ്ടമുണ്ടായവരുടെ ക്ലെയിം തീര്‍പ്പാക്കാന്‍ ഉപയോഗിക്കുകയും ചെയ്യണം.

ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യത്തിനു സമീപിക്കുന്നവര്‍ക്കു നാശനഷ്ടണ്ടാക്കിയ തുക കെട്ടി വച്ച ശേഷമേ ജാമ്യം നല്‍കാവൂ എന്നു കോടതി വ്യക്തമാക്കി. ഹര്‍ത്താല്‍ കേസുകള്‍ക്കൊപ്പം നഷ്ടപരിഹാരം ആവശ്യപ്പെട്ടു കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയും പരിഗണിച്ചാണു ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്

ഹര്‍ത്താലിന്റെ പേരില്‍ സമരക്കാര്‍ 5 കോടി ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കണം എന്നായിരുന്നു ആവശ്യം. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടവും വരുമാന നഷ്ടവും അക്രമികളില്‍ നിന്ന് ഈടാക്കണമെന്നും വിശദമായ റിപ്പോര്‍ട്ടു നല്‍കണമെന്നും ഹൈക്കോടതി നേരത്തെ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. 58 ബസുകള്‍ തകര്‍ത്തെന്നും പത്തു ജീവനക്കാര്‍ക്കു പരുക്കേറ്റെന്നുമാണ് കോര്‍പറേഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

 

 

Back to top button
error: