പൊതുവിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകള്‍ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്‍റ്റ്‍വെയറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെതിരെകര്‍ശന നടപടിയെടുക്കും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രസ്താവിച്ചു. പൊതുജനങ്ങള്‍ക്കും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൈറ്റും ഡി.എ.കെ.എഫും സംഘടിപ്പിച്ച സോഫ്‍റ്റ്‍വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടു പതിറ്റാണ്ടായി നടന്നു വരുന്ന കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസം മാതൃകയാകുന്നത് പൂര്‍ണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ അധിഷ്ഠിതമായതുകൊണ്ട് കൂടിയാണെന്നും തത്ഫലമായി 3000 കോടി രൂപ ലാഭിക്കാനായതും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്യമാണെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു.
സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ വ്യാപനം പോലെതന്നെ പ്രധാനമാണ് ഇന്റര്‍നെറ്റ്
ഗവേണന്‍സുമായി ബന്ധപ്പെട്ട സങ്കീര്‍ണ പ്രശ്നങ്ങളെന്നും ഇതിനും സമൂഹ പങ്കാളിത്തം ആവശ്യമാണെന്നും അമര്‍നാഥ് രാജ അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട്
ഐകാന്‍ ഉപദേശക സമിതി അംഗം സതീഷ് ബാബു പറഞ്ഞു. കൈറ്റ് സി.ഇ.ഒ.
കെ.അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരണം നടത്തി.
തുടര്‍ന്ന് സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ മേഖലയിലെ 14 വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രഭാഷണം നടത്തുകയും അത് തത്സമയം ലൈവായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഉച്ചയ്ക്ക് പൊതുജനങ്ങള്‍ക്ക് സൗജന്യ സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് നടത്തിക്കൊണ്ടാണ് സോഫ്‍റ്റ്‍വെയര്‍ ദിനാഘോഷത്തിന് തിരശീല വീണത്. ക്ലാസുകള്‍ www.kite.kerala.gov.in/SFDay2022 ലിങ്ക് വഴി കാണാവുന്നതാണ്.