NEWSSports

രണ്ടാം ട്വന്റി 20-യില്‍ ഓസീസിനെ 6 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

നാഗ്പുര്‍: ട്വന്റി 20 പരമ്പരയിലെ എട്ട് ഓവറാക്കി ചുരുക്കിയ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഓസ്ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (11).

മഴമൂലം നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം തുടങ്ങാന്‍ വൈകിയ മത്സരം പിന്നീട് എട്ട് ഓവറാക്കി ചുരുക്കുകയായിരുന്നു.

20 പന്തില്‍ നിന്ന് നാല് സിക്സും നാല് ഫോറുമടക്കം 46 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി. ഡാനിയല്‍ സാംസെറിഞ്ഞ എട്ടാം ഓവറില്‍ ആദ്യ പന്ത് സിക്സും രണ്ടാം പന്ത് ഫോറുമടിച്ച് ദിനേഷ് കാര്‍ത്തിക്ക് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

കെ.എല്‍ രാഹുല്‍ (10), വിരാട് കോലി (11), സൂര്യകുമാര്‍ യാദവ് (0), ഹാര്‍ദിക് പാണ്ഡ്യ (9) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍.

ഓസ്ട്രേലിയക്കായി ആദം സാംപ രണ്ട് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് എട്ട് ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തിരുന്നു.

20 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 43 റണ്‍സോടെ പുറത്താകാതെ നിന്ന മാത്യു വെയ്ഡാണ് ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 15 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 31 റണ്‍സെടുത്തു. സ്റ്റീവ് സ്മിത്ത് എട്ടു റണ്‍സോടെ പുറത്താകാതെ നിന്നു.

കാമറൂണ്‍ ഗ്രീന്‍ (5), ഗ്ലെന്‍ മാക്സ്വെല്‍ (0), ടിം ഡേവിഡ് (2) എന്നിവരാണ് പുറത്തായ മറ്റ് ഓസ്ട്രേലിയന്‍ താരങ്ങള്‍.

രണ്ട് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി അപകടകാരികളായ ഗ്ലെന്‍ മാക്സ്വെല്ലിനെയും ടിം ഡേവിഡിനെയും മടക്കിയ അക്ഷര്‍ പട്ടേലാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

 

Back to top button
error: