കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്കു വില കുറയും
ന്യൂഡല്‍ഹി: കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ ഉള്‍പ്പെടുത്തി ദേശീയ അവശ്യമരുന്നു പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. ഇതോടെ നിരവധി പേര്‍ ആശ്രയിക്കുന്ന ഈ മരുന്നുകള്‍ക്കു വില കുറയും.
പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ആന്റി ട്യൂബര്‍ക്കുലോസിസ് മരുന്നായ ഡെലാമാനിഡ് തുടങ്ങിയവ പുതിയ പട്ടികയിലുണ്ട്. അവശ്യമരുന്നു പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും.
കാന്‍സറിനുള്ള നാലു മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ നിലവിലുണ്ടായിരുന്ന 43 മരുന്നുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി, 47 എണ്ണം പുതുതായി ഉള്‍പ്പെടുത്തി.
മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുമായി ബന്ധിപ്പിച്ചാണ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് വര്‍ഷത്തില്‍ പരമാവധി പത്തു ശതമാനം വില കമ്പനികള്‍ക്കു വര്‍ധിപ്പിക്കാം. നിലവില്‍ വിപണിയില്‍ ഉള്ളവയില്‍ പതിനെട്ടു ശതമാനത്തോളം മരുന്നുകളാണ് അവശ്യ മരുന്നു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സാധാരണ ഗതിയില്‍ മൂന്നു വര്‍ഷം കൂടുമ്പോഴാണ് ദേശീയ അവശ്യമരുന്നു പട്ടിക പുതുക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് പ്രതിസന്ധിക്കിടെ ഇതു നീണ്ടുപോവുകയായിരുന്നു.