CrimeNEWS

അമ്മയെ കൊന്ന മകളിലേക്ക് വിരല്‍ ചൂണ്ടിയത് അച്ഛന്‍, രണ്ടു മാസം മുമ്പ് ഡോളോ നല്‍കിയും വധശ്രമം; വിഷം കലര്‍ത്തിയ ചായ രുചിമാറ്റം മൂലം കുടിക്കാഞ്ഞത് പിതാവിന് രക്ഷയായി

തൃശൂര്‍: കുന്നംകുളം കീഴൂരില്‍ അമ്മയെ മകള്‍ കീടനാശിനി കലര്‍ത്തിയ ചായ നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്വത്തിനായി അച്ഛനെയും അമ്മയെയും കൊല്ലാനാണ് മകള്‍ ഇന്ദുലേഖ(39) ലക്ഷ്യമിട്ടത്. അതിനായി ചായയില്‍ കീടനാശിനി കലര്‍ത്തി ഇരുവര്‍ക്കും നല്‍കിയെങ്കിലും രുചി മാറ്റം തോന്നിയതോടെ ചായ കുടിക്കാതിരുന്ന അച്ഛന്‍ ചന്ദ്രന്‍ രക്ഷപ്പെടുകയായിരുന്നു.

ചായകുടിച്ച അമ്മ രുഗ്മിണി(58)ക്ക് വിഷം ഉള്ളില്‍ ചെന്നതോടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിക്കുകയുമായിരുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതോടെയാണ് കീടനാശിനി ഉള്ളില്‍ച്ചെന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് റിപ്പോര്‍ട്ട് പോലീസിന് കൈമാറുകയായിരുന്നു. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് സ്വത്തിനായി ഇന്ദുലേഖ ആസൂത്രണം ചെയ്ത കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.

Signature-ad

പോലീസ് വീട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ മരണത്തില്‍ മകളെ സംശയമുണ്ടെന്ന് സൂചന നല്‍കിയത് അച്ഛന്‍തന്നെയായിരുന്നു. ചായയിലെ രുചി മാറ്റവും വീട്ടിലെ കീടനാശിനിയുടെ സാന്നിധ്യവും അച്ഛന്‍ പറഞ്ഞതോടെയാണ് പോലീസ് അന്വേഷണം ആ വഴിക്ക് നീണ്ടത്. തുടര്‍ന്ന് ഇന്ദുലേഖയെ ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

അച്ഛനും അമ്മയ്ക്കും കുട്ടികള്‍ക്കും ഒപ്പം കീഴൂരിലാണ് ഇന്ദുലേഖ താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. എന്നാല്‍ ഭര്‍ത്താവ് അറിയാതെ ഇന്ദുലേഖയ്ക്ക് എട്ടുലക്ഷം രൂപയോളം കടം ഉണ്ടായി. ഭര്‍ത്താവ് തിരിച്ചുവരും മുമ്പ് ഇതു വീട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അമ്മയുടേയും അച്ഛന്റെയും പേരിലുള്ള 14 സെന്റ് ഭൂമിയും വീടും വിറ്റ് പണം കണ്ടെത്താനായിരുന്നു നീക്കം. രണ്ടുമാസം മുമ്പു മുതല്‍ ഇന്ദുലേഖ മാതാപിതാക്കളെ കൊലപ്പെടുത്താന്‍ ശ്രമം ആരംഭിച്ചിരുന്നതായി വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് കണ്ടെത്തി. 20 ഡോളോ ഗുളികകള്‍ വാങ്ങി അതില്‍ കുറച്ച് ഇരുവര്‍ക്കും നല്‍കുകയായിരുന്നു. ഇന്ന് നടത്തിയ തെളിവെടുപ്പില്‍ അവശേഷിച്ച ഗുളിക പായ്ക്കറ്റ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഇന്ദുലേഖയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തി. കിഴൂരിലെ വീട്ടില്‍ പ്രതി ഇന്ദുലേഖയുമായി നടത്തിയ തെളിവെടുപ്പില്‍ അമ്മയെ കൊല്ലാനുപയോഗിച്ച വിഷത്തിന്റെ ബാക്കിയും വിഷം നല്‍കിയ പാത്രവും കണ്ടെത്തിയിട്ടുണ്ട്. ഇന്ദുലേഖയ്ക്ക് ഭര്‍ത്താവറിയാതെ എട്ടുലക്ഷത്തിന്റെ കടം എങ്ങനെ ഉണ്ടായി എന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.

പതിനേഴാം തീയതിയാണ് ഇന്ദുലേഖ അമ്മ രുഗ്മിണിക്ക് വിഷം കൊടുത്തത്. തുടര്‍ന്ന് അസുഖമാണെന്ന് പറഞ്ഞ് ഇന്ദുലേഖ തന്നെയാണ് 19ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അവിടെനിന്ന് നിലവഷളായ രുഗ്മിണിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്. ഇന്ദുലേഖയെക്കൂടാതെ മറ്റൊരു മകള്‍കൂടി ഇവര്‍ക്കുണ്ട്.

Back to top button
error: