CrimeNEWS

മോഷണ ശ്രമം: മാല പൊട്ടിയുമില്ല, കിട്ടിയുമില്ല പക്ഷേ കുടുങ്ങി; യുവാക്കള്‍ പിടിയില്‍

കോട്ടയം: എരുമേലിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍റെ മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കൾ പൊലീസിന്‍റെ പിടിയിലായി. എരുമേലി സ്വദേശികളായ മുനീർ ( 32 ) , മുബാറക്ക് എ റഫീഖ് ( 24 ) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം എരുമേലിയിൽ ഉള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ വിനീഷിന്‍റെ മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.

പ്രതികൾ രണ്ടുപേരും ചേർന്ന് വൈകുന്നേരം കാറിലാണ് ധനകാര്യ സ്ഥാപനത്തിൽ എത്തിയത്. പണമിടപാട് നടത്തുന്നതിന് എന്ന വ്യാജേനയായിരുന്നു ഇവർ എത്തിയത്. കൗണ്ടറിൽ ഇരുന്ന വിനീഷിന്‍റെ കയ്യിൽ ബലമായി പിടിച്ചതിനു ശേഷം മാല പൊട്ടിച്ചെടുക്കാനായിരുന്നു ശ്രമം. ആഞ്ഞുവലിച്ചിട്ടും മാല പൊട്ടിയില്ല. വിനീഷ് മോഷണശ്രമം പ്രതിരോധിച്ച് നിലവിളിക്കുകയും ചെയ്തു.

Signature-ad

ബഹളം കേട്ട് കൂടെയുള്ള സഹപ്രവര്‍ത്തകര്‍ വന്നപ്പോഴേക്കും പ്രതികള്‍ രണ്ടു പേരും സ്ഥാപനത്തില്‍ നിന്നും ഇറങ്ങിയോടി. താഴെ പാർക്ക് ചെയ്തിരുന്ന കാറിൽ കയറി കടന്നുകളഞ്ഞു. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം തന്നെ ഇരുവരും കുടുങ്ങുകയായിരുന്നു.

Back to top button
error: