HealthLIFE

മനസിലാക്കൂ… നല്ല സൗഹൃദങ്ങളും വ്യായാമവും മറവിരോഗം കുറയ്ക്കും; പഠനവുമായി ന്യൂറോളജി ജേര്‍ണല്‍

ലോകമെങ്ങുമുള്ള മനുഷ്യര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മറവി.  ഏറിയും കുറഞ്ഞുമുള്ള മറവി സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഓരോരുത്തരെയും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ബുദ്ധമുട്ടിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് വസ്തുത. കോവിഡിനു മുമ്പുതന്നെ മറവി ഒരു വെല്ലുവിളിയായി നമുക്കുമുന്നിലുണ്ടായിരുന്നു. എന്നാല്‍ കോവിഡാനന്തരം ഈ വെല്ലുവിളി ഇരട്ടിച്ചതായാണ് പൊതുവെ കാണാന്‍ കഴിയുന്നത്. കോവിഡ് സ്ഥിരീകരിച്ചശേഷം സുഖപ്പെട്ടവരില്‍ നല്ലൊരു വിഭാഗം ആളുകളും തങ്ങള്‍ക്ക് പഴയപോലെ കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്നില്ല എന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ ഇതിനു പ്രതിവിധി എന്ത് എന്ന ചോദ്യം മാത്രമാണ് അവര്‍ക്കു മുന്നിലുണ്ടായിരുന്നത്.

മറവിരോഗികള്‍ക്കും മറവിരോഗം ഭാവിയില്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നവര്‍ക്കും മറവിരോഗം ഉണ്ടെന്ന് വിശ്വസിക്കുന്ന കോവിഡാനന്തര പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്കും ഒരേപോലെ പ്രതീക്ഷ പകരുന്ന ഒരു വാര്‍ത്തയാണ് ന്യൂറോളജി ഗവേഷകലോകത്തുനിന്ന് എത്തുന്നത്. മാനസികവും ശാരീരികവുമായി സജീവമായിരിക്കുകവഴി മറവിയെ പ്രതിരോധിക്കാം എന്നതാണ് ആ കണ്ടെത്തല്‍. മറവിരോഗത്തെ പ്രതിരോധിക്കാനും ഒരളവുവരെ ചെറുക്കാനും തടഞ്ഞുനിര്‍ത്താനുമുള്ള വഴി നമുക്കു മുന്നില്‍തന്നെയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഓരോവര്‍ഷം കൂടുംതോറും മറവിരോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. ലോകമെമ്പാടുമായി അഞ്ചരക്കോടിയിലേറെ പേര്‍ മറവിരോഗം മൂലം ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. മറവി മനുഷ്യനെ പിടികൂടാന്‍ കാരണങ്ങള്‍ പലതുണ്ട്. ഡയബറ്റിസ്, വിഷാദം, ഹൈപ്പര്‍ടെന്‍ഷന്‍, അമിത മദ്യോപയോഗം, പുകവലി തുടങ്ങിയ കാര്യങ്ങള്‍ മറവിരോഗത്തിന് ആക്കം കൂട്ടുന്നുവെന്ന് പലപഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മറവി മറികടക്കാന്‍ എന്തുചെയ്യാന്‍ കഴിയും എന്നതിനെപ്പറ്റി കാര്യമായ അറിവുകള്‍ ഉണ്ടായിരുന്നില്ല.

ചില ശാരീരിക പ്രവര്‍ത്തനങ്ങള്‍ വഴി മറവിരോഗത്തെ ഒരു പരിധിവരെ തടയാനാവുമെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഏതെല്ലാം ശാരീരിക പ്രവര്‍ത്തനങ്ങളാണ് മറവിരോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുക എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ഒടുവില്‍ അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. നല്ല സൗഹൃദങ്ങളോടൊത്തും കുടുംബാംഗങ്ങളോടൊത്തും സമയം പങ്കിടുക, മിതമായ വ്യായാമം ശീലമാക്കുക, വീട്ടുജോലികള്‍ നിര്‍വഹിക്കുക എന്നിവ മറവിരോഗ സാധ്യത കുറയ്ക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ന്യൂറോളജി എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്.

മാനസികവും ശാരീരികവുമായി സജീവമായിരിക്കുക വഴി മറവിരോഗത്തെ ഒരുപരിധിവരെ തടയാനാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. യു.കെയില്‍നിന്നുള്ള 501,376 പേരെ അടിസ്ഥാനമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. 56 വയസ്സ് പ്രായമുള്ളവരായിരുന്നു പഠനത്തില്‍ പങ്കെടുത്തത്. പത്തുവര്‍ഷത്തോളം ഇവരുടെ പ്രവൃത്തികള്‍ സസൂക്ഷ്മം നിരീക്ഷിച്ചാണ് വിലയിരുത്തലിലേക്ക് എത്തിയത്.

പഠനത്തിന്റെ തുടക്കത്തില്‍ വ്യക്തികള്‍ ഓരോരുത്തര്‍ക്കും അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങളും ഇലക്ട്രോണിക് ഉത്പന്നങ്ങളിലുള്ള സമയം ചെലവഴിക്കലും വീട്ടുജോലിയുമെല്ലാം സംബന്ധിച്ച് ചോദ്യങ്ങള്‍ നല്‍കി. പഠനത്തില്‍ പങ്കെടുത്തവരുടെ കുടുംബചരിത്രം പരിശോധിച്ച് മറവിരോഗത്തിനുള്ള സാധ്യതയും നിരീക്ഷിച്ചു. തുടര്‍ന്നുള്ള നിരീക്ഷണകാലത്ത് 5,185 പേരില്‍ മറവിരോഗലക്ഷണങ്ങള്‍ കണ്ടെത്തി. അവരില്‍ ഭൂരിഭാഗം പേരും പ്രായമേറിയവരും പുരുഷന്മാരും ഹൈപ്പര്‍ടെന്‍ഷന്‍, ഹൈപ്പര്‍ലിപിഡിമിയ എന്നീ ചരിത്രങ്ങള്‍ ഉള്ളവരാണെന്നും കണ്ടെത്തി. മാത്രമല്ല ഇക്കൂട്ടരില്‍ സാമൂഹിക ഇടപെടലുകള്‍ കുറവായിരുന്നുവെന്നും ബോഡി മാസ് ഇന്‍ഡെക്‌സ് കൂടുതലായും കണ്ടെത്തി.

ഡാറ്റ വിശകലനം ചെയ്തതിനു പിന്നാലെ ശാരീരിക-മാനസിക പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടവരില്‍ വിഷാദരോഗ സാധ്യത കുറവാണെന്നും ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ച്ചയായി വ്യായാമം ചെയ്യുന്നവരിലും വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നവരിലും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നിരന്തരം കണ്ട് ഇടപഴകുകയുമൊക്കെ ചെയ്യുന്നവരില്‍ ഇവയിലൊന്നും ഏര്‍പ്പെടാത്തവരെ അപേക്ഷിച്ച് മറവിരോഗസാധ്യത കുറവാണെന്നായിരുന്നു പ്രധാന കണ്ടെത്തല്‍.

ഇത്തരം മാനസിക ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട, മറവിരോഗപാരമ്പര്യമുള്ളവര്‍ മറവിയെ പ്രതിരോധിക്കാനുള്ള ശേഷി കണ്ടെത്തിയതായും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. എപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യുകയും പഠിക്കുകയും ശീലിക്കുകയും വഴി തലച്ചോറിനുണ്ടാകുന്ന ഗുണപരമായ മാറ്റങ്ങളാവാം ഇതിനു കാരണമെന്ന് സസെക്‌സ് സര്‍വകലാശാലയില്‍ സീനിയര്‍ ലക്ചററും പഠനത്തില്‍ പങ്കാളിയുമായ ഡോ. ഡോറിന കാഡര്‍ പറഞ്ഞു.

പുസ്തകമോ മാഗസിനോ വായിക്കുകയോ പോഡ്കാസ്റ്റ് കേള്‍ക്കുകയോ ഒക്കെ ചെയ്യുന്നതു പോലും മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നും അവര്‍ പറഞ്ഞു. നാല്‍പതുകളോ അമ്പതുകളോ എഴുപതുകളോ ആയിക്കൊള്ളട്ടെ, വിവരങ്ങളും അറിവുകളും വികാരങ്ങളുമൊക്കെ കൂട്ടിച്ചേര്‍ക്കുക വഴി തലച്ചോറിലെ സെല്ലുകള്‍ സദാ വ്യാപൃതരാവുകയാണ് ചെയ്യുക എന്നും അവര്‍ പറഞ്ഞു.

സാമൂഹിക ഇടപെടലുകളില്‍ നിന്ന് വിട്ട് ഒറ്റയ്ക്ക് ജീവിക്കുന്നത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ പുകവലിശീലം പോലെതന്നെ നശിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും മൂലം വിഷാദരോഗം ഉള്‍പ്പെടെ നിരവധി മാനസിക പ്രശ്‌നങ്ങളില്‍ ചെന്നെത്തുന്നവരുണ്ട്. ഇത് വ്യക്തികളുടെ മാനസിക നിലയെ ബാധിക്കുമെന്നും മറവിരോഗ സാധ്യത വര്‍ധിപ്പിക്കുമെന്നും ഡോറിന പറഞ്ഞു.

Back to top button
error: