KeralaNEWS

റൂട്ട് തെറ്റിച്ചെന്ന പേരില്‍ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതില്‍ സേനയ്ക്കുള്ളില്‍ അമര്‍ശം; നടപടിക്ക് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മന്ത്രി പി രാജീവിന്റെ റൂട്ട് തെറ്റിച്ചെന്ന പേരില്‍ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വന്‍ വിവാദം. തിരക്കും കുഴികളുമുള്ള റോഡ് ഒഴിവാക്കി, മറ്റൊരു വഴിയ്ക്ക് മന്ത്രിയുടെ വാഹനം കടത്തിവിട്ടതിന് സസ്‌പെന്‍ഡ് ചെയ്യുന്നത് നീതിയല്ലെന്ന വികാരമാണ് പൊലീസ് സേനയ്ക്കുള്ളില്‍. വിശദീകരണം പോലും ചോദിക്കാതെയാണ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുത്തത്. എന്നാല്‍ നടപടിക്ക് നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. പൊലീസുകാര്‍ക്കെതിരെ നടപടിയ്ക്ക് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി വിശദീകരിക്കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുടെ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

മന്ത്രിയുടെ ഗണ്‍മാനായ സാബുവിന്റെ പരാതിയിലാണ് രണ്ട് പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയതെന്നാണ് വിവരം. കണ്‍ട്രോള്‍ റൂമില്‍ വിളിച്ച ശേഷം ഒരു എഡിജിപിയെയും സാബു വിളിച്ചു. പിന്നാലെ നടപടി. ഇതാണ് സേനയ്ക്കുള്ളിലെ അമര്‍ഷത്തിന് പ്രധാന കാരണവും. വിവാദത്തിനിടെയാണ് മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പട്ടികയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ് ഐ സാബുരാജന്‍ ഇടംനേടിയത്.

Signature-ad

പൊലീസുകാരെ തള്ളിപ്പറയാതെയുള്ള നിലപാടാണ് മന്ത്രിയും ഇന്ന് സ്വീകരിച്ചത്. മന്ത്രി ഇന്നലെ നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു വിവാദത്തിനിടയാക്കിയ സംഭവം. എസ്‌കോര്‍ട്ട്, കണ്‍ട്രോള്‍ റൂം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് ഗ്രേഡ് എസ് ഐ സാബു രാജനും മറ്റൊരു സിപിഒ സുനിലുമായിരുന്നു. സംഭവത്തില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പൊലീസ് സംഘടനകള്‍.

Back to top button
error: