CrimeNEWS

വൈദികന്റെ വീട്ടിലെ കവര്‍ച്ചാക്കേസില്‍ വന്‍വഴിത്തിരിവ്; പുരോഹിതന്റെ മകന്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയം പാമ്പാടിക്ക് അടുത്ത് കൂരോപ്പടയില്‍ വീട് കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഫാ. ജേക്കബ് നൈനാന്‍ എന്ന വൈദികന്റെ മകന്‍ ഷൈനോ നൈനാന്‍ ആണ് അറസ്റ്റിലായത്. മോഷണം നടത്തിയത് കുടുംബാംഗം തന്നെയെന്ന് പൊലീസിന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. എന്നാല്‍, മോഷണം നടന്ന സമയത്ത് ഷൈനോയുടെ ഫോണ്‍ ഫ്‌ലൈറ്റ് മോഡിലായിരുന്നു എന്ന കണ്ടെത്തലാണ് നിര്‍ണായകമായത്. കടബാധ്യതകള്‍ പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ പൊലീസിന് മൊഴി നല്‍കി.

വീട്ടില്‍ ആളില്ലാത്ത സമയത്താണ് അന്‍പത് പവന്‍ സ്വര്‍ണം വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ പോയ കുടുംബം വൈകീട്ട് ആറ് മണിയോടെ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിലാകെ മുളക് പൊടി വിതറിയ നിലയിലായിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തുകയും ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടര്‍ന്നുള്ള അന്വേഷണമാണ് വൈദികന്റെ മകന്‍ ഷൈനോയിലേക്ക് തിരിഞ്ഞത്.

Signature-ad

സ്വര്‍ണം സൂക്ഷിച്ച അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്ന ശേഷമാണ് കവര്‍ച്ച നടത്തിയത്. താക്കോല്‍ ഇരിക്കുന്ന സ്ഥലവും മോഷ്ടാവിന് കൃത്യമായി അറിയാമായിരുന്നു. എല്ലാ ചൊവ്വാഴ്ചയും ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോകാറുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന വീടുമായി ബന്ധമുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് തുടക്കം മുതലെ സംശയം ഉണ്ടായിരുന്നു. ഷൈനോയുടെ കടബാധ്യതകളെ കുറിച്ച് വിവരം ലഭിച്ചത് നിര്‍ണായമായി. കടബാധ്യത പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ പൊലീസിന് മൊഴി നല്‍കി.

 

Back to top button
error: