മായം കലരാത്ത ശുദ്ധമായ കള്ളിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ‘ട്രാക്ക് ആൻഡ് ട്രേസ്’ സംവിധാനം നടപ്പാക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്. കള്ള് ഉദ്പാദനം, വിതരണം , വിൽപ്പന തുടങ്ങി എല്ലാ ഘട്ടങ്ങളിലും സുതാര്യത ഉറപ്പുവരുത്താനാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
സംവിധാനം ഏർപ്പെടുത്തുന്നതോടെ സംസ്ഥാനത്തെ കള്ള് ഉദ്പാദിപ്പിക്കുന്ന ഓരോ വൃക്ഷത്തിനും വിർച്ച്വൽ നമ്പർ ഏർപ്പെടുത്തുകയും ലൈസൻസ് നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സുതാര്യമാക്കുകയും ചെയ്യും. കൂടാതെ കള്ള് കൊണ്ടുപോകുന്നതിന് ആവശ്യമായ പെർമിറ്റ്, മറ്റ് നടപടിക്രമങ്ങൾ തുടങ്ങിയവയെല്ലാം ‘ട്രാക്ക് ആൻഡ് ട്രേസ്’ ഓൺലൈൻ സംവിധാനത്തിന് കീഴിലാവും. ഇതുവഴി ഉപഭോക്താവിന് ശുദ്ധമായ കള്ള് ലഭ്യമാക്കാനും ഓഡിറ്റിങ്ങിനു വിധേയമാകുന്നതിനാൽ കള്ള് വ്യവസായ മേഖലയുടെ ആരോഗ്യകരമായ നിലനിൽപ്പിനും സംവിധാനം സഹായകമാകും. നിലവിൽ കേരളത്തിൽ 4800 ഓളം കള്ളുഷാപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
കള്ള് ഉദ്പാദിപ്പിക്കുന്ന വൃക്ഷങ്ങൾ മാർക്ക് ചെയ്ത് വിർച്ച്വൽ നമ്പർ നൽകിയ ശേഷമാണ് സംവിധാനം നിലവിൽ വരിക. സംസ്ഥാനത്ത് കൂടുതൽ കള്ള് ഉദ്പാദിപ്പിക്കപ്പെടുന്ന പാലക്കാട് ചിറ്റൂർ മേഖലയിലാണ് ഇതിനുള്ള നടപടികൾ ആരംഭിക്കുക. ഈ സാമ്പത്തിക വർഷം തന്നെ സംവിധാനം പൂർണാർത്ഥത്തിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.