അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ബഹിരാകാശയാത്രിക പരിശീലനത്തിനായി തിരഞ്ഞെടുത്തവരിൽ മലയാളിയായ ആതിര പ്രീതാറാണിയും. വിജയിച്ചാൽ ബഹിരാകാശസഞ്ചാരം നടത്തിയ കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയും ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി വനിതയുമാകും ആതിര.
നാസയുടെ സഹായത്തോടെ ‘പ്രോജക്ട് പോസ്സം’ എന്ന പരിശീലന പരിപാടിയിലൂടെയാണ് തിരുവനന്തപുരം പേയാട് സ്വദേശിനി ആതിര സ്വന്തം സ്വപ്നം കയ്യെത്തി പിടിക്കുന്നത്. ഫ്ലോറിഡയിലെ പരിശീലന പരിപാടിയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ആതിര ഇപ്പോൾ. കാനഡയിൽ സ്ഥിരതാമസമാക്കിയ ആതിര ‘എക്‌സോ ജിയോ എയ്‌റോസ്‌പേസ്’ എന്ന കമ്പനിയുടെ സി.ഇ.ഒയും പ്രസിഡന്റുമാണ്.
കളിപ്പാട്ടങ്ങൾ മുതൽ യുദ്ധവിമാനങ്ങൾ വരെ
ആറാമത്തെ വയസ്സിൽ, എയർപോർട്ട് ജീവനക്കാരനായ അച്ഛൻ കൊണ്ടുവന്ന കളിപ്പാട്ട വിമാനത്തോടുള്ള ആതിരയുടെ ആകർഷണം അവളെ ആകാശത്തിന്റെ പ്രിയങ്കരിയാക്കി. 2013 മുതൽ അമച്വർ അസ്‌ട്രോണേഴ്‌സ് ഓർഗനൈസേഷനിൽ (ആസ്‌ട്രോ) സജീവമാണ്. ‘ആസ്‌ട്രോ’യിലാണ് തൻ്റെ സുഹൃത്തും പിന്നീട് ജീവിത പങ്കാളിയുമായ ഗോകുൽ ദാസ് ബാലചന്ദ്രനെ ആതിര പ്രീതാറാണി കണ്ടുമുട്ടുന്നത്. ഐഎസ്ആർഒയിൽ ജിഎസ്എൽവിയുടെ മാർക്ക് 3 പദ്ധതിയിൽ ശാസ്ത്രജ്ഞനായിരുന്നു ഗോകുൽ.
ഐ.എസ്.ആർ.ഒ സംഘടിപ്പിച്ച ദേശീയ ബഹിരാകാശ ഒളിമ്പ്യാഡിലും ബഹിരാകാശ ക്വിസിലും വിജയിയായിരുന്നു. സ്ത്രീകൾക്ക് ഇന്ത്യയിൽ യുദ്ധവിമാന പൈലറ്റുമാരാകാൻ കഴിയാത്തതിനാൽ 2018ൽ ആതിര കാനഡയിലേക്ക് കുടിയേറി. ‘റോബോട്ടിക്‌സ്’ സ്‌കോളർഷിപ്പിൽ ഒട്ടാവയിലെ അൽഗോക്വിൻ കോളജിൽ ചേർന്നു. പക്ഷേ ലക്ഷ്യം യുദ്ധവിമാന പൈലറ്റ് പരിശീലനമായിരുന്നു. അതുകൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ചെറിയ ജോലികൾ ചെയ്തു. ആ സമ്പാദ്യം കൊണ്ട് ഫൈറ്റർ പൈലറ്റായി പരിശീലനം നേടി ഇരുപതാം വയസ്സിൽ ആദ്യമായി യുദ്ധവിമാനം പറത്തി.
തിരുവനന്തപുരം കാർമൽ ഗേൾസിലും മുക്കോലയ്ക്കൽ സെന്റ് തോമസിലും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആതിര എം.ബി.ബി.എസ് കുടുംബത്തിന്റെ മോഹം ഉപേക്ഷിച്ച് ബഹിരാകാശ സ്വപ്‌നങ്ങൾ തേടി. അച്ഛൻ വേണു മാലിദ്വീപ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനും അമ്മ പ്രീതാറാണി വീട്ടമ്മയുമാണ്. നിലവിൽ ഒരു എയ്‌റോസ്‌പേസ് സംരംഭക, പൈലറ്റ്, കനേഡിയൻ എയ്‌റോസ്‌പേസ് ഡൈവേഴ്‌സിറ്റി, ഇൻക്ലൂഷൻ ആൻഡ് അഡ്വക്കസി കൗൺസിലിന്റെ പ്രസിഡന്റ്-സിഇഒ, ടാലന്റ് റിമോട്ടിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നതിനായി മോഡുലാർ ലോഞ്ച് വെഹിക്കിളുകൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന എക്സോജിയോ എന്ന കമ്പനിയുടെ സ്ഥാപകയാണ് അവർ. ഭർത്താവ് ഗോകുൽ ചീഫ് ടെക്‌നിക്കൽ ഓഫീസറാണ്.