IndiaNEWS

കൂലിപ്പണിക്കാരനായ ബിഹാരി ലാല്‍ 100 രൂപ പിന്‍വലിക്കാന്‍ പോയി, പക്ഷേ സ്വന്തം അക്കൗണ്ടിൽ 2,700 കോടി രൂപ…! ഒരു മണിക്കൂർ മാത്രം കോടീശ്വരന്‍, പിന്നെ പാപ്പരായി

ഉത്തരപ്രദേശിലെ കനൗജ് ജില്ലക്കാരനായ ബിഹാരി ലാല്‍ തന്റെ അക്കൗണ്ടില്‍ നിന്ന് 100 രൂപ പിന്‍വലിക്കാനാണ് ബാങ്കിൽ പോയത്‌. മഴ കാരണം ഇഷ്ടിക ചൂള പ്രവർത്തിക്കുന്നില്ല. തൻ്റെ ജന്‍ധന്‍ അക്കൗണ്ടിലുള്ള 100 രൂപ എടുക്കാന്‍ പോയതായിരുന്നു ബിഹാരി. എന്നാല്‍ അക്കൗണ്ടിലെ തുക കണ്ട് അയാൾ ഞെട്ടിപ്പോയി.

2,700 കോടി രൂപ…!
കൂലിപ്പണിക്കാരനായ ബിഹാരി ലാല്‍ പെട്ടെന്ന് കോടീശ്വരനാവുകയും അതിലും വേഗത്തില്‍ പാപ്പരാവുകയും ചെയ്തു.

Signature-ad

ഇഷ്ടിക ചൂളയിലെ തൊഴിലാളിയായി ജോലി ചെയ്യുന്ന ബിഹാരി ലാലിന് 600 മുതല്‍ 800 രൂപ വരെയാണ് പ്രതിദിനം കൂലി ലഭിക്കുന്നത്. അതിനാല്‍ ഇത്ര ഭീമമായ തുക കണ്ട് അയാൾ ആകെ വിവശനായിപ്പോയി.

ബിഹാരി ലാല്‍ ബാങ്കില്‍ ചെന്ന് അക്കൗണ്ട് പരിശോധിച്ച് തുക സ്ഥിരീകരിച്ചു. അക്കൗണ്ട് മൂന്ന് തവണ പരിശോധിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. വിശ്വസിക്കാനാകാതെ വന്നപ്പോള്‍ അയാള്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്ത് കൊടുത്തു. അക്കൗണ്ടില്‍ 2700 കോടി രൂപ കിടക്കുന്നത് കണ്ട ബിഹാരി ലാലിന് എന്തു ചെയ്യണമെന്ന് അറിയാൻ വയ്യാത്ത അവസ്ഥയായി.

പക്ഷെ, അദ്ദേഹത്തിന്റെ സന്തോഷത്തിന് ആയുസ് കുറവായിരുന്നു, കാരണം അക്കൗണ്ട് പരിശോധിക്കാന്‍ രണ്ടാമത് ശാഖയില്‍ എത്തിയപ്പോള്‍ ബാക്കി 126 രൂപ മാത്രമായിരുന്നുവെന്ന് അവനോട് ഓഫീസർ പറഞ്ഞു. പിന്നീട്, അക്കൗണ്ടിനെക്കുറിച്ച് അന്വേഷിച്ചതായും അതില്‍ 100 രൂപയേ ഉള്ളെന്നും ബാങ്കിന്റെ ലീഡ് ജില്ലാ മാനേജര്‍ അഭിഷേക് സിന്‍ഹ മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞു.

‘ഇത് ഒരു ബാങ്കിംഗ് പിശകായിരിക്കാം. ബിഹാര്‍ ലാലിന്റെ അക്കൗണ്ട് കുറച്ചുകാലത്തേക്ക് കണ്ടുകെട്ടി, വിഷയം മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സമാനമായ സംഭവത്തില്‍ ബീഹാറിലെ കതിഹാറിലെ രണ്ട് ആണ്‍കുട്ടികളുടെ ബാങ്ക് അകൗണ്ടുകളിലേക്ക് വന്‍ തുക ലഭിച്ചു. ആറാം ക്ലാസ് വിദ്യാര്‍ഥികളായ ഗുരുചരന്‍ ബിശ്വാസിന്റെയും ആശിഷ് കുമാറിന്റെയും അകൗണ്ടില്‍ വന്നത് 900 കോടി രൂപ!

സ്‌കൂള്‍ യൂനിഫോമിനായി സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിച്ച തുകയെ കുറിച്ച് അറിയാന്‍ ആണ്‍കുട്ടികള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ പ്രാദേശിക സെന്‍ട്രലൈസ്ഡ് പ്രെസസിംഗ് സെന്റര്‍ (സിപിസി) സന്ദര്‍ശിച്ചതോടെയാണ് കാര്യങ്ങളിൽ വ്യക്തത വന്നത്.

Back to top button
error: