NEWS

മാതാപിതാക്കൾ അറിഞ്ഞിരിക്കാൻ; സ്മാര്‍ട്ട് ഫോണുകൾ വില്ലനാകുമ്പോള്‍

ശാസ്ത്രത്തിന്റെ കണ്ടുപിടുത്തമെന്നോണം സ്മാര്‍ട്ട്ഫോണുകളുടെ നല്ല വശങ്ങളെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. ആശയവിനിമയ സൗകര്യം, ചങ്ങാതിമാരുമായും കുടുംബവുമായും എവിടെയും എപ്പോഴും സംവദിക്കാം, നമ്മുടെ ശാരീരികവും മാനസികവുമായ അധ്വാനം കുറയ്ക്കുന്നു.. അങ്ങനെ ഒരുപാട് കാര്യങ്ങള്‍. എന്നാല്‍ ന്യൂട്ടന്റെ സിദ്ധാന്ഥം പോലെ ഒരോ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതികരണമുണ്ടെന്ന പോലെ മൊബൈല്‍ ഫോണും പല തരത്തില്‍ നമ്മെ ദോഷകരമായി ബാധിക്കുന്നു.
സ്മാര്‍ട്ട് ഫോണുകളുടെ ശാസ്ത്രീയമായ വിപരീത വശങ്ങള്‍ നമുക്കു വിടാം. നമ്മുടെ കുട്ടികളെക്കുറിച്ചാലോചിക്കാം. അവരെ സ്മാര്‍ട്ട് ഫോണുകള്‍ എങ്ങനെ വിപരീതമായി ബാധിക്കുന്നു എന്നറിയാം. ഇന്ത്യയിലെ പത്തു കുട്ടികളില്‍ ഒന്‍പതു പേര്‍ക്കും ഇപ്പോള്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ ഉണ്ട് എന്ന് കണക്കുകള്‍ പറയുന്നു. മാതാപിതാക്കളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കുട്ടികളെ ഇവ സഹായിക്കുമെങ്കിലും അതിരുവിട്ട ഉപയോഗം അവരെ ആരോഗ്യപരമായും മാനസികപരമായും ബാധിക്കുന്നതാണ്.
മൊബൈല്‍ മാനിയ
കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രിയം സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലറ്റുകളും തന്നെയാണ്. ഗ്രൗണ്ടിലോ പുറത്തോ ഇറങ്ങി ശാരീരികമായ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനേക്കാളും അവര്‍ക്കിഷ്ടം അവരുടെ സ്മാര്‍ട്ട് ഫോണുകള്‍ക്കു മുന്നില്‍ ഇരിക്കുക എന്നതാണ്. മൊബൈലില്‍ വളഞ്ഞിരുന്ന് വീഡിയോകള്‍ കാണുകയും ഗെയിം കളിക്കുകയും ചെയ്യുന്നു. കുട്ടികളെ ഇത്തരം ശീലങ്ങളില്‍ എത്തിക്കുന്നതില്‍ മാതാപിതാക്കള്‍ക്കുള്ള പങ്കും തള്ളിക്കളയാനാവില്ല. ആത്യന്തികമായി കുട്ടികളിലെ ഇത്തരം ശീലങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്തേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. അതിനുള്ള വഴികള്‍ അവര്‍ തേടുന്നതിനു പകരം കുട്ടികളെ അവരുടെ ഇഷ്ടത്തിനു വിടുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്
എന്തിനും ഏതിനും കൂട്ട് സ്മാര്‍ട്ട്ഫോണ്‍
ചെറിയ കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും അവരുടെ കരച്ചിലടക്കാനുമൊക്കെ മാതാപിതാക്കള്‍ സ്മാര്‍ട്ട് ഫോണുകളെ കൂട്ടുപിടിക്കുന്നത് നാം പലയിടത്തും കണ്ടിട്ടുണ്ടാവും. ഇത്തരം വിദ്യ കുട്ടികളെ നോക്കാന്‍ രക്ഷിതാക്കള്‍ക്ക് എളുപ്പപ്പണിയാകുന്നു. എന്നാല്‍ അവരറിയാതെ തന്നെ അവരുടെ കുട്ടിയെ ഒരുതരം അഡിക്ഷനിലേക്ക് തള്ളിവിടുകയാണ് ഇതിലൂടെ ചെയ്യുന്നത്. നമ്മില്‍ പലര്‍ക്കുമുണ്ട് ഇത്തരം ശീലങ്ങള്‍ ചിലര്‍ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ടി.വി കാണുന്ന ശീലം, ചിലരിലില്‍ പുസ്തക വായനയായി മാറുന്നു, ചിലര്‍ക്ക് അവര്‍ സ്ഥിരമായി ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് ഉണ്ടെങ്കിലേ ഭക്ഷണമിറങ്ങൂ.. ഇങ്ങനെ ചില രസകരമായ മാനസിക അവസ്ഥകള്‍ പലര്‍ക്കുമുണ്ടാകാം. കുട്ടികളെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മയപ്പെടുത്തി കാര്യം നടത്തുന്നതു വഴി ഇത്തരം ചില മാനസികാവസ്ഥകളിലേക്ക് അവരെ കൈപിടിച്ചു നടത്തുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്.
*പ്രശ്‌നങ്ങള്‍ തുടങ്ങുന്നു
ചില കുട്ടികള്‍ സ്മാര്‍ട്ട്ഫോണ്‍ ഇല്ലാതെ തുടരാന്‍ കഴിയാത്തവിധം അസ്വസ്ഥരാവുന്നു. അവര്‍ നിരന്തരം ഫോണ്‍ സന്ദേശങ്ങള്‍ക്കായി പരിശോധിക്കുകയും ഏതെങ്കിലും സമയത്തേക്ക് ഫോണില്‍ നിന്ന് അകന്നു നില്‍ക്കേണ്ടിവന്നാല്‍ പ്രകോപിതരാകുകയും ചെയ്യുന്നു. മൊബൈല്‍ ഫോണ്‍ ആശയവിനിമയത്തിന് അത്യാവശ്യമായ ഒരു ഇനമായി മാറാതെ പകരം ഒരു കുട്ടിയുടെ ജീവിതത്തെ നിയന്ത്രിക്കുന്ന ഒന്നായി മാറുമ്പോള്‍ വിഷമിക്കുന്നത് മാതാപിതാക്കളാണ്.
*ഗെയിമിംഗ് ഡിസോര്‍ഡര്‍
ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് സ്റ്റഡിസില്‍ ഗെയിമിംഗ് ഡിസോര്‍ഡര്‍ എന്നൊരു രോഗം സ്ഥാനം പിടിച്ചിട്ടുണ്ട്. കുട്ടികളിലെയും മുതിര്‍ന്നവരിലെയും മൊബൈല്‍ ഫോണിലുള്ള അമിതമായ ഗെയിം ഒരു ലഹരിപോലെയാണെന്ന് വിശേഷിപ്പിച്ചാണ് ഇവര്‍ പേരിട്ടത്. എന്നാല്‍ മനശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇത്തരം ഗെയിം അഡിക്ഷനെക്കാള്‍ അപകടകരമാകുന്നത് കുട്ടികളിലെ സ്മാര്‍ട്ട് ഫോണുകളുടെ നിത്യോപയോഗം തന്നെയാണെന്നാണ്. ഇത്തരം നിയന്ത്രണമില്ലാത്ത ഉപയോഗവും കളികളും ചികിത്സിക്കപ്പെടേണ്ടതാണെന്നാണ് ഇവരുടെ അഭിപ്രായം.
*മുതിര്‍ന്നവരേക്കാള്‍ 60 ഇരട്ടി വികിരണം
മനുഷ്യ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത റേഡിയോ-ഫ്രീക്വന്‍സി പരിതസ്ഥിതിയിലാണ് ഇന്നത്തെ കുട്ടികള്‍ വളരുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ പുറപ്പെടുവിക്കുന്ന വികിരണം കുട്ടികളെ ദോഷകരമായി ബാധിക്കും. അവരുടെ തലച്ചോറിന്റെ നേര്‍ത്ത ചര്‍മ്മം, ടിഷ്യുകള്‍, അസ്ഥികള്‍ എന്നിവ മുതിര്‍ന്നവരെക്കാള്‍ ഇരട്ടി വികിരണം ആഗിരണം ചെയ്യാന്‍ അനുവദിക്കുന്നു. മുതിര്‍ന്നവരേക്കാള്‍ 60 ശതമാനത്തിലധികം വികിരണങ്ങള്‍ കുട്ടികള്‍ തലച്ചോറിലേക്ക് എത്തുന്നു. ഒരു പഠനത്തില്‍ കണ്ടെത്തിയത് സെല്‍ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തിയ കുട്ടികളേക്കാള്‍ സെല്‍ഫോണ്‍ അമിതമായി ഉപയോഗിക്കുന്ന കുട്ടികളില്‍ ഉറക്കക്കുറവുണ്ടെന്നാണ്. വളരെയധികം സമയം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് ഡിജിറ്റല്‍ ഐ സ്ട്രെയിനിന് കാരണമാകാം. ഇത് കണ്ണിന് ചൊറിച്ചില്‍, ക്ഷീണിച്ച കണ്ണുകള്‍, കറുത്ത പാടുകള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
*കാന്‍സറിനുള്ള സാധ്യത
കുട്ടികളിലെ സ്മാര്‍ട്ട്ഫോണ്‍ വികിരണ ഫലങ്ങള്‍ മനസ്സിലാക്കുന്നതില്‍ വിപുലമായ ഗവേഷണങ്ങള്‍ നടന്നുവരുന്നു. കുട്ടികള്‍ അവരുടെ ശരീരത്തില്‍ മാറ്റങ്ങള്‍ക്കും വളര്‍ച്ചയ്ക്കും വിധേയമായ ഒരു ഘട്ടത്തിലായതിനാല്‍ മൊബൈല്‍ വികിരണത്തിന്റെ ഫലങ്ങള്‍ മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഫോണുകള്‍ ദീര്‍ഘനേരം ഉപയോഗിക്കുന്ന പ്രവണത, അവരുടെ സ്മാര്‍ട്ട് ഫോണിലെ ദീര്‍ഘനേര സംസാരം എന്നിവ പ്രത്യേകിച്ച് ചെവി, തലച്ചോറ് മേഖലകളില്‍ ചെറിയ മുഴകള്‍ വികസിപ്പിക്കാനുള്ള ഉയര്‍ന്ന സാധ്യത കാണിക്കുന്നു. കുട്ടികളിലെ അസ്ഥികള്‍, ടിഷ്യുകള്‍, തലച്ചോറ് പോലുള്ള അവയവങ്ങള്‍ക്കുള്ള സംരക്ഷണ ലൈനിംഗ് വളരെ നേര്‍ത്തതാണ്. ഇത്തരം വികിരണം നാഡീവ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നു. ഇത് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
**മസ്തിഷ്‌ക പ്രവര്‍ത്തനത്തെ ബാധിക്കുന്നു
സ്മാര്‍ട്ട് ഫോണുകള്‍ പ്രാഥമികമായി വൈദ്യുതകാന്തിക തരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ തലച്ചോറിന് അതിന്റേതായ വൈദ്യുത പ്രേരണകളുണ്ട്. ന്യൂറല്‍ നെറ്റ്വര്‍ക്കില്‍ അത് ആശയവിനിമയം നടത്തുന്നു. ശക്തമായ പരിച ഇല്ലാത്തതിനാല്‍ കുട്ടികളിലെ തലച്ചോറിന്റെ ആന്തരിക ഭാഗങ്ങളിലേക്ക് ഫോണില്‍ നിന്നുള്ള തരംഗങ്ങള്‍ എളുപ്പത്തില്‍ തുളച്ചുകയറുന്നു. രണ്ടു മിനിറ്റ് ഫോണില്‍ സംസാരിക്കുന്നത് കുട്ടിയുടെ തലച്ചോറിനുള്ളിലെ വൈദ്യുത പ്രവര്‍ത്തനം മാറ്റാന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പരീക്ഷകളിലെ പ്രതിഫലനം
കൗമാരക്കാരെപ്പോലെ കുട്ടികളും സാമാര്‍ട്ട് ഫോണുകള്‍ക്ക് അടിമകളാണ്. അവര്‍ എല്ലായ്പ്പോഴും ഗെയിമുകളിലും ചാറ്റിങ്ങിലുമായി മുഴുകുന്നു. കുട്ടികളുടെ അക്കാദമിക്ക് കാര്യങ്ങളില്‍ സ്മാര്‍ട്ട്ഫോണിന്റെ സ്വാധീനം വളരെ ശ്രദ്ധേയമാണ്. കുട്ടികള്‍ ഗൃഹപാഠത്തിനായി ചെലവഴിക്കുന്ന സമയം കുറയുന്നു. പഠനത്തിലെ പിന്നോക്കാവസ്ഥ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗ സമയത്തിലെ വര്‍ധന എന്നിവ പരീക്ഷകളില്‍ മോശമായി പ്രതിഫലിക്കുന്നു. അവരുടെ ഹോബികള്‍ നിന്നുപോലും അവര്‍ അകന്നു നില്‍ക്കുന്നു.
നിരുത്തരവാദപരമായ ഉപയോഗം
മറ്റേതൊരു ഗാഡ്ജെറ്റിനെയും പോലെ സ്മാര്‍ട്ട് ഫോണും തെറ്റായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയും. കുട്ടികള്‍ അവരുടെ ചങ്ങാതിമാരുടെ ഗ്രൂപ്പില്‍ പങ്കിട്ട അനുചിതമായ സന്ദേശങ്ങള്‍, ഇമേജുകള്‍, അല്ലെങ്കില്‍ വാചകങ്ങള്‍ എന്നിവ എളുപ്പത്തില്‍ ദുരുപയോഗത്തിന് വിധേയമാകുന്നു. ചെറുപ്രായത്തില്‍ തന്നെ അശ്ലീല സാഹിത്യത്തിലേക്കുള്ള വഴി കണ്ടെത്താനും അവരുടെ ധാരണകളും ചിന്താ പ്രക്രിയയും മോശമാക്കാനും വഴിതെളിയുന്നു. അവരുടെ സ്വന്തം ഫോട്ടോകള്‍ നിരുത്തരവാദപരമായി കൈമാറ്റം ചെയ്യുന്നത് പോലും അവരുടെ ജീവിതത്തെ വളരെക്കാലം സ്വാധീനിക്കുന്ന ഒരു വീഴ്ച സൃഷ്ടിക്കുന്നു.
ഇന്റര്‍നെറ്റ് എന്ന വില്ലന്‍
സ്മാര്‍ട്ട്‌ഫോമുകളുടെ ഉപയോഗം കുട്ടികളെ അനുചിതമായ പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടുത്തും. ദോഷകരമായ ഉള്ളടക്കമുള്ള അശ്ലീല സൈറ്റുകള്‍ അവര്‍ക്ക് എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയും. കുട്ടികള്‍ക്ക് അവരുടെ മള്‍ട്ടിമീഡിയ ഉപകരണങ്ങളില്‍ നിന്ന് അശ്ലീല സൈറ്റുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. പല കുട്ടികളും ലൈംഗികമായി ചൂഷണം ചെയ്യപ്പെടാനുള്ള ഒരു കാരണം ഇത്തരം ഇന്റര്‍നെറ്റ് ഉപയോഗമാകുന്നു. കുട്ടിയുടെ ഡിജിറ്റല്‍ ഉപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും പരിരക്ഷിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
ആക്രമണാത്മക പെരുമാറ്റം
സ്മാര്‍ട്ട് ഫോണുകള്‍ കുട്ടികളുടെ തലച്ചോറിനെ വിശ്രമമില്ലാതെ തുടര്‍ച്ചയായി തിരക്കിലാക്കിയിരിക്കുന്നതിനാല്‍ കുട്ടികള്‍ കൂടുതല്‍ അക്രമണ പ്രവണത കാണിക്കുന്നു. സാധാരണ സംസാരങ്ങളില്‍ പോലും അവര്‍ കൂടുതല്‍ അക്രമാസക്തരാകുകയും പ്രകോപിതരാകുകയും ചെയ്യുന്നു. ഇത് അവരുടെ സാമൂഹ്യ ജീവിതത്തെ തടസ്സപ്പെടുത്തുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുട്ടികളെ കുടുംബവുമായി ആശയവിനിമയം നടത്തുന്നതില്‍ നിന്ന് പിന്നോട്ടടിക്കുന്നുവെന്ന് പഠനങ്ങള്‍ തന്നെ പറയുന്നു. സ്മാര്‍ട്ട്ഫോണില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ ചില കുട്ടികളില്‍ പിരമുറുക്കവും മാനസിക സമ്മര്‍ദ്ദവും പ്രകോപനപരമായ പെരുമാറ്റവും കാണുന്നു.
ഉപയോഗം എങ്ങനെ കുറയ്ക്കാം
കളിപ്പാട്ടം വാങ്ങി നല്‍കുന്നതുപോലെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കരുത്. അവര്‍ക്ക് അതിന്റെ ആവശ്യം ഉണ്ടോയെന്ന് കൃത്യമായി അറിയുക. കൂടുതല്‍ സമയവും രക്ഷിതാക്കള്‍ കുട്ടികള്‍ക്കൊപ്പം ചെലവിടുക. രക്ഷിതാക്കളും സ്മാര്‍ട്ട് ഫോണുകളില്‍ അധികമായി സമയം ചെലവഴിക്കാതിരിക്കുക. സ്മാര്‍ട്ട് ഫോണുകളില്‍ കുട്ടികളുടെ ലോകം ഒതുക്കാതെ കളികളിലോ ഹോബികളിലോ അവരെ എത്തിക്കുക. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന് സമയം തീരുമാനിക്കുക എന്നതാണ് ഏറ്റവും നല്ല പോംവഴി, അതും രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ മാത്രം
* മാതാപിതാക്കള്‍ക്ക് ശ്രദ്ധിക്കാന്‍
* കുട്ടികള്‍ സ്മാര്‍ട്ട് ഫോണോ കംപ്യൂട്ടറോ ഉപയോഗിക്കുമ്പോള്‍ അവര്‍ എന്തൊക്കെ കാണുന്നുവെന്ന് നിരീക്ഷിക്കു.
* കുട്ടികളോടു തന്നെ അവര്‍ എന്തൊക്കെ കണ്ടുവെന്ന് ചോദിച്ചറിയുക.
* കുട്ടികളെ വീഡിയോ ഗെയിമുകളും കാര്‍ട്ടൂണുകളും മാത്രമല്ലാതെ സ്മാര്‍ട്ട് ഫോണുകളില്‍ ഉപകാരപ്രദമായവയും ഉണ്ടെന്ന് മനസിലാക്കിക്കുക.
* കുട്ടികള്‍ തനിച്ചുള്ള മുറിയില്‍ സ്മാര്‍ട്ട് ഫോണോ കംപ്യൂട്ടറോ അനുവദിക്കരുത്.
* ഒരു നിശ്ചിത സമയത്തിനു മേല്‍ ഒരിക്കലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കാതിരിക്കുക.
* സ്മാര്‍ട്ട്‌ഫോണ്‍ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ തെറ്റിനെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തുക.
* ചെറിയ കുട്ടികളുടെ സോഷ്യല്‍ മീഡിയ സൈറ്റുകളുടെ കടിഞ്ഞാണ്‍ (പാസ്‌വേഡ്) രക്ഷിതാക്കളും അറിഞ്ഞിരിക്കണം.
* ബ്ലൂ വെയില്‍ പോലുള്ള കില്ലര്‍ ഗെയിമുകളുടെ ചതിക്കുഴികളെ കുട്ടികളെ പറഞ്ഞു മനസിലാക്കുക.

Back to top button
error: