NEWSPravasiWorld

പതിനഞ്ച് വയസ്സ് തികഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി നല്‍കി യു.എ.ഇ; കര്‍ശന നിബന്ധനകള്‍

അബുദാബി: പതിനഞ്ച് വയസ്സ് തികഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി നല്‍കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. കര്‍ശന നിബന്ധനകളോടെയാണ് കുട്ടികള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്.

അവധിക്കാലത്ത് തൊഴില്‍ പഠിക്കാനും പണം നേടാനുമുള്ള അവസരം ഇതോടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. എന്നാല്‍ മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം മൂന്നു മാസത്തെ തൊഴില്‍ കരാറില്‍ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടേണ്ടത്. തൊഴില്‍ പരിചയം നേടുന്നതിനൊപ്പം തന്നെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും ലഭിക്കും.

 

തൊഴിലിന്റെ സ്വഭാവം എന്താണെന്ന് കരാറില്‍ വ്യക്തമാക്കണം. അതോടൊപ്പം വേതനം, വാരാന്ത്യ അവധി, പ്രതിദിന ജോലി സമയം എന്നിവയും കരാറില്‍ ഉള്‍പ്പെടുത്തണം. കര്‍ശന വ്യവസ്ഥകള്‍ വെച്ച് തൊഴില്‍ ചെയ്യിക്കാന്‍ പാടില്ല. ഫാക്ടറികളില്‍ രാത്രി സമയം ജോലി ചെയ്യിക്കരുത്. രാത്രി എട്ടു മുതല്‍ രാവിലെ ആറ് വരെ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനത്തിന് അനുവാദമില്ല.

ആറ് മണിക്കൂറാണ് പരമാവധി തൊഴില്‍ സമയം. വിശ്രമം നല്‍കാതെ തുടര്‍ച്ചയായി നാല് മണിക്കൂര്‍ ജോലി ചെയ്യിക്കരുത്. പരിശീലന സമയം തൊഴില്‍ സമയമായി കണക്കാക്കി വേതനം നല്‍കണം. ജോലിയോ തൊഴില്‍ പരിശീലനമോ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം പുറത്തിറങ്ങഉന്ന കുട്ടികള്‍ക്ക് തൊഴില്‍ പരിചയ, പരിശീലന സര്‍ട്ടിഫിക്കറ്റ് സ്ഥാപനം നല്‍കണം. എന്നാല്‍ തൊഴില്‍ കരാറിലുള്ള അവധിയല്ലാതെ മറ്റ് അവധി ദിവസങ്ങള്‍ ഈ കാലയളവില്‍ ഉണ്ടാകില്ല.

Back to top button
error: