HealthLIFE

എന്താണ് ഫാറ്റി ലിവര്‍? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം..

കരളില്‍ കൊഴുപ്പടിയല്‍ എന്ന് ഫാറ്റി ലിവറിനു ലളിതമായി പറയാം. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.

ഫാറ്റി ലിവറിന്റെ കാരണങ്ങൾ എന്തൊക്കെ?

ഫാറ്റി ലിവര്‍ പ്രധാനമായും രണ്ടു തരത്തിലാണ്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. ഫാറ്റി ലിവറിന്റെ പ്രധാന കാരണമാണ് ആദ്യത്തേത്‌. സ്‌ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാവസ്‌ഥ കാണപ്പെടുന്നുണ്ട്‌.

മദ്യപിക്കുന്നവരില്‍ മാത്രമല്ല, ജീവിതശൈലിയിലെ ക്രമക്കേടുകള്‍കൊണ്ട്‌ മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്‌. ഇത്‌ നോണ്‍-ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ (NON ALCOHOLIC FATTY LIVER) എന്നാണ്‌ അറിയപ്പെടുന്നത്‌. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന്‌ വഴിയൊരുക്കുന്ന ഘടകങ്ങൾ‌.

കരളിലുണ്ടായേക്കാവുന്ന ഒത്തിരി രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്‌. ഉദാഹരണമായി, ഹെപ്പറ്റൈറ്റിസ്‌ സി, വില്‍സണ്‍സ്‌ ഡിസീസ്‌ തുടങ്ങിയ ചില അപൂര്‍വ്വ കരള്‍ രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്‌. ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും ഫാറ്റി ലിവറിനു സാധ്യത കൂട്ടും. അത് പോലെ തന്നെ പെട്ടെന്നു വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കുമ്പോഴും ഫാറ്റി ലിവര്‍ ഉണ്ടാകാം.

എങ്ങനെയാണ് ആഹാരം കൂടുതൽ കഴിച്ചാൽ ഫാറ്റി ലിവർ ഉണ്ടാകുന്നത്?

ദഹിച്ച എല്ലാ ആഹാര പദാര്‍ഥങ്ങളും ഗ്‌ളൂക്കോസ്‌ തുടങ്ങിയ ഘടകങ്ങളായി വിഘടിപ്പിക്കപ്പെട്ടാണ്‌ ശരീരത്തിലേക്ക്‌ ആഗിരണം ചെയ്യുന്നത്‌. ഈ ഘടകങ്ങളെല്ലാം തന്നെ കരളിലെത്തുന്നു. ശരീരത്തിന്‌ ആവശ്യമായ ഗ്‌ളൂക്കോസ്‌ സംഭരിച്ച ശേഷം കരള്‍ ബാക്കിയുള്ളവയെ കൊഴുപ്പാക്കി മാറ്റി കോശങ്ങളില്‍ സംഭരിക്കുന്നു. എന്നാല്‍ കരളിന്റെ സംഭരണശേഷിക്ക്‌ താങ്ങാനാവുന്നതിനപ്പുറം ഗ്‌ളൂക്കോസ്‌ കരളിൽ എത്തിയാൽ, കൊഴുപ്പ്‌ വിതരണം ചെയ്യാനാകാതെ കരളില്‍ തന്നെ അടിഞ്ഞുകൂടി ഫാറ്റി ലിവറിനിടയാക്കും.

എന്തൊക്കെയാണ് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍?

തുടക്കത്തില്‍ ഫാറ്റി ലിവര്‍ ഉള്‍പ്പെടെ മിക്ക കരള്‍ രോഗങ്ങള്‍ക്കും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. മറ്റ് ആവശ്യങ്ങൾക്കുവേണ്ടിയോ, മെഡിക്കൽചെക്കപ്പിന്റെ ഭാഗമായോ സ്കാൻ ചെയ്യുമ്പോഴാണ് ഇതു കണ്ടെത്തുന്നത്. പക്ഷേ, രോഗം മൂര്‍ഛിക്കുമ്പോള്‍ മാത്രം ചില ലക്ഷണങ്ങള്‍ കണ്ടേക്കാം. അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, അസ്വസ്‌ഥത, ഭാരകുറവ്‌ എന്നിവ ചിലർക്ക് അനുഭവപ്പെടാറുണ്ട്‌.

ഇത് എങ്ങനെ കണ്ടു പിടിക്കാം?

സാധാരണ അള്‍ട്രാസൗണ്ട് (Ultrasound) സ്കാനിങ്ങിലൂടെയാണ് ഫാറ്റി ലിവർ ആദ്യം കണ്ടെത്തുന്നത്. രക്തപരിശോധന (LFT-ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്) ചെയ്താൽ തീവ്രത കുറച്ചും കൂടി മനസ്സിലാക്കാനാകും. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റില്‍ ലിവര്‍ എന്‍സൈമുകളുടെ അളവുകള്‍ സാധാരണത്തേക്കാള്‍

ഫാറ്റി ലിവര്‍ സിറോസിസ്‌ (CIRRHOSIS) ആകുമോ?

സാധാരണ ഗതിയില്‍ ഫാറ്റി ലിവര്‍ അപകടകാരിയല്ല. എന്നാല്‍ ഒരാള്‍ക്ക്‌ ഫാറ്റി ലിവര്‍ എന്ന അവസ്‌ഥ ഉണ്ടായിരിക്കെ എല്‍.എഫ്‌.റ്റി-യില്‍ (LFT) അപാകതകളുണ്ടാകയും ചെയ്‌താല്‍ ഭാവിയില്‍ അത്‌ ഗുരുതരമായ കരള്‍രോഗങ്ങള്‍ക്ക്‌ കാരണമായേക്കാം.

പരിഹരിക്കാന്‍ കഴിയാത്ത വിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവര്‍ സിറോസിസ് എന്ന രോഗം. ലിവര്‍ സിറോസിസ് വന്നുകഴിഞ്ഞാല്‍ കരളിനെ ചികില്‍സിച്ച് പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ഫാറ്റി ലിവര്‍ കണ്ടു പിടിച്ചാൽ, കരളിന് വിശ്രമം കൊടുത്തു പഴയതു പോലെ ആക്കാൻ ശ്രമിക്കണം.

ഫാറ്റി ലിവര്‍ എങ്ങനെ ചികിത്സിക്കാം?

ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍ കൊണ്ടു ചികിത്സിക്കാനാവില്ല. ഭക്ഷണ വ്യായാമപ്ലാനുകളിലൂടെ ചികിത്സിക്കുക. ചികിത്സയ്ക്കുശേഷം രോഗി പഴയ ജീവിതശൈലിയിലേക്കുതന്നെ തിരികെപ്പോയാല്‍ ഫാറ്റി ലിവർ തിരികെ വരാന്‍ മാസങ്ങള്‍ മതി. അതുകൊണ്ടു തന്നെ രോഗികളുടെ പ്രതിജ്ഞാബദ്ധത ചികിത്സയുടെ അവിഭാജ്യഘടകമാണ്. ഫാറ്റി ലിവർ തടയാൻ സഹായിക്കുന്ന ചില മാർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

1∙ ഫാറ്റി ലിവർ രോഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്.

2∙ കൊഴുപ്പുള്ള ഭക്ഷണങ്ങൾ ദോഷകരമാണ്. ഇറച്ചി, ചീസ്, പനീർ പോലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക.

3∙ ഫാറ്റി ലിവർ രോഗമുള്ള ഒരാൾ ഒരു കാരണവശാലും കുറച്ചു പോലും മദ്യപിക്കരുത്. മദ്യപാനം ശരീരഭാരം കൂട്ടുകയും കരളിൽ കൊഴുപ്പ് അടിഞ്ഞ് ഫാറ്റി ലിവർ കൂടാനും സാധ്യതയേറെയാണ്.

4∙ കൊഴുപ്പ്‌ ആഹാരം വളരെ കുറക്കുക. രക്‌തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി ഇല്ലാത്തതു കാരണം കൊഴുപ്പ് കഴിച്ചാൽ അസുഖം വഷളാകും.

5∙ പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. ഇത് ഫാറ്റി ലിവർ ഉണ്ടാക്കും.

6∙ ഫാറ്റി ലിവർ പ്രശ്നമുള്ളവർ‌ എണ്ണയിലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണ അടങ്ങിയ ഭക്ഷണങ്ങളിൽ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. അത് കരളിന് കൂടുതൽ ജോലി കൊടുക്കുകയേയുള്ളു.

7∙ മദ്യം പൂർണമായി ഒഴിവാക്കുക. മദ്യത്തെ രാസപദാര്‍ഥങ്ങളായി വിഘടിപ്പിക്കുന്നതു കരളാണ്. അതുകൊണ്ടു തന്നെ മദ്യം ദോഷകരമായി ബാധിക്കുന്നത് കരളിനെയാണ്.

8∙ സ്വയം ചികിത്സ ഒഴിവാക്കുക. ആവശ്യമില്ലാതെ മരുന്നുകൾ കഴിക്കരുത്. പ്രത്യേകിച്ചും വേദന സംഹാരികൾ ഒഴിവാക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: