ഗ്രീൻ ആപ്പിളിനെക്കാളും ചുവന്ന ആപ്പിളാകും കൂടുതൽ പേരും കഴിക്കുന്നത്. ചുവന്ന ആപ്പിളിനെപ്പോലെ തന്നെ ഗ്രീൻ ആപ്പിളിനും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി, കെ എന്നിവ ഗ്രീൻ ആപ്പിളിൽ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.
പച്ച ആപ്പിൾ കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം…
- ഒന്ന്
ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ആപ്പിൾ പതിവായി കഴിക്കുന്നത് ആസ്ത്മയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഫ്ലേവനോയ്ഡുകൾ ആസ്ത്മയുടെ അപകടസാധ്യത കുറയ്ക്കുന്നതായി ഗവേഷകർ അവകാശപ്പെടുന്നു. ഗ്രീൻ ആപ്പിൾ ശ്വാസകോശ അർബുദ സാധ്യത 21 ശതമാനം കുറയ്ക്കുന്നതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
- രണ്ട്
ഗ്രീൻ ആപ്പിളിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ കഴിയുന്ന റൂട്ടിൻ എന്ന രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. കാരണം, രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈമിനെ തടയാൻ റൂട്ടിന് കഴിയും. ദിവസവും ഒരു ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.
- മൂന്ന്
വയറു വീർക്കുന്നത് തടയാനും വയറ്റിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും പച്ച ആപ്പിൾ സഹായിക്കുന്നു. പച്ച ആപ്പിളിൽ എളുപ്പത്തിൽ ദഹിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഉപാപചയ പ്രവർത്തനത്തിന് ആവശ്യമായ ഉത്തേജനം നൽകാൻ സഹായിക്കുന്നു. ഇതുകൂടാതെ, പഞ്ചസാരയുടെ ആസക്തിയെയും വിശപ്പും കുറയ്ക്കാൻ ഇത് മികച്ചൊരു പഴം കൂടിയാണ്.
- നാല്
പൊട്ടാസ്യം, ജീവകം കെ, കാൽസ്യം ഇവയടങ്ങിയ ഗ്രീൻ ആപ്പിൾ കഴിക്കുന്നത് സ്ത്രീകൾക്ക് പ്രത്യേകിച്ച് നല്ലതാണ്. സ്ത്രീകളിൽ ഓസ്റ്റിയോ പോറോസിസ് തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗ്രീൻ ആപ്പിളിൽ അടങ്ങിയ വൈറ്റമിൻ കെ സഹായിക്കുന്നു.
- അഞ്ച്
വിറ്റാമിൻ സി, വിറ്റാമിൻ എ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടമാണ് പച്ച ആപ്പിൾ. ഇത് ചർമ്മത്തിന്റെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.
- ആറ്
ചുവന്ന ആപ്പിളിനെ അപേക്ഷിച്ച് പച്ച ആപ്പിളിൽ കുറഞ്ഞ പഞ്ചസാരയും ധാരാളം നാരുകളും അടങ്ങിയിട്ടുണ്ടെന്നും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നും ഡോക്ടർമാർ പറയുന്നു. പച്ച ആപ്പിളിന്റെ ഗുണം ലഭിക്കാൻ അതിന്റെ തൊലി നീക്കം ചെയ്യരുതെന്ന് അവർ പറയുന്നു.
- ഏഴ്
പച്ച ആപ്പിളും ഫ്ലേവനോയ്ഡുകൾ അടങ്ങിയ മറ്റ് ഭക്ഷണങ്ങളും കഴിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 35 ശതമാനം കുറയ്ക്കുന്നു. ദിവസവും പച്ച ആപ്പിൾ കഴിക്കുന്നവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത 13-22 ശതമാനം കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി. കാരണം ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഗ്രീൻ ആപ്പിളിന് കഴിവുണ്ട്.