ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്.പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധനവില കുറഞ്ഞത്.ധനമന്ത്രി നിര്‍മല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്.പുതിയ വില നാളെ മുതല്‍ നിലവില്‍ വരും.
രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ കുറവ് വരുത്തിയിരിക്കുന്നത്. ഇന്ധനവില കുതിച്ചുയര്‍ന്നതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരുന്നു. അവശ്യസാധനങ്ങളുടെ വില വര്‍ധന കൂടിയായതോടെ സര്‍ക്കാറിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത്.
പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉജ്ജ്വല്‍ യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു വര്‍ഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകള്‍ക്ക് 200 രൂപ സബ്സിഡി നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി. നേരത്തെ പലഘട്ടങ്ങളിലായി നിര്‍ത്തിയ സബ്സിഡിയാണ് ഇപ്പോള്‍ ഉജ്ജ്വല്‍ യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമായി പുനഃസ്ഥാപിച്ചത്.