NEWS

82.16 ഗാലൺ കൊള്ളുന്ന ഒറ്റക്കുപ്പി വിസ്കി വിൽപനയ്ക്ക്; പ്രതീക്ഷിക്കുന്നത് കോടികൾ!

ലോകത്തിലെ ഏറ്റവും വലിയ വിസ്കി ബോട്ടിൽ(world’s largest bottle of whiskey) ലേലത്തിന്. മെയ് 25 -ന് സ്കോട്ട്ലാൻഡിലാണ് ലേലം നടക്കുക. ‘ദി ഇൻട്രെപ്പിഡ്'(The Intrepid) എന്നാണ് ഈ കുപ്പി അറിയപ്പെടുന്നത്. ഈ കുപ്പിക്ക് അഞ്ച് അടി 11 ഇഞ്ച് ഉയരമുണ്ട്. ദിമക്കാലൻ ഡിസ്റ്റിലറി(The Macallan Distillery)യിൽ നിന്നുള്ള 32 വർഷം പഴക്കമുള്ള വിസ്കിയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.ഈ സിം​ഗിൾ മാൾട്ട് 82.16 ​ഗാലൺ ഉൾക്കൊള്ളുന്നതാണ്.
2021 -ൽ കുപ്പിയിലാക്കിയ ശേഷം ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി കുപ്പിയായി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഇതിനെ അം​ഗീകരിച്ചു. ഈ ഭീമാകാരമായ കുപ്പി 444 സ്റ്റാൻഡേർഡ് ബോട്ടിലുകൾക്ക് തുല്യമാണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, മെയ് 25 -ന് എഡിൻബർഗ് ആസ്ഥാനമായുള്ള ലിയോൺ ആൻഡ് ടേൺബുള്ളാണ് ഇത് ലേലം ചെയ്യുക.
32 വർഷമായി ദി മക്കാലന്റെ സ്പെയ്‌സൈഡ് വെയർഹൗസിലാണ് ഇത് തയ്യാറാക്കിയത് എന്ന് പറയുന്നു. ഡങ്കൻ ടെയ്‌ലർ സ്‌കോച്ച് വിസ്‌കി എന്ന സ്വതന്ത്ര വിസ്‌കി ബോട്ടിലിംഗ് കമ്പനിയാണ് കഴിഞ്ഞ വർഷം വിസ്കി ഈ കുപ്പിയിലാക്കിയത്. വലിപ്പം മാത്രമല്ല കുപ്പിയുടെ പ്രത്യേകത. ഏറ്റവും വില കൂടിയ വിസ്കി ബോട്ടിൽ എന്ന ലോക റെക്കോർഡ് സ്ഥാപിക്കാനും ഈ വിസ്കി കുപ്പിക്ക് കഴിയുമെന്ന് ലേല സ്ഥാപനം പറയുന്നു. എന്നാൽ, 1.9 മില്യൺ ഡോളറിന് മുകളിൽ വിറ്റാൽ മാത്രമേ അത് സംഭവിക്കൂ എന്ന് മാത്രം!

Back to top button
error: