അജി കമാൽ
പരാജയത്തെക്കാൾ ഒളിച്ചിരിക്കുന്ന അപകടങ്ങൾ വിജയത്തിനാണ്.
പരാജയം നേരിട്ടുള്ള യുദ്ധം ആണെങ്കിൽ, വിജയം ഒളിപ്പോരാണ്.
കുറച്ചു കാലം മുമ്പാണ്.
പമ്പ് റെൻ്റൽ കമ്പനിയിൽ ഞാൻ ജോലി ചെയ്യുകയാണ്.
ഒരിക്കൽ എനിക്ക് വലിയൊരു ഓർഡർ കിട്ടി. സാധാരണ ഉണ്ടാകുന്ന സെയിൽസിനേക്കാൾ മൂന്നിരട്ടി ഉണ്ടായിരുന്നു പിന്നീടുള്ള മൂന്ന് മാസങ്ങളിൽ.
അതു കഴിഞ്ഞു വന്ന മാസങ്ങളിൽ സെയിൽസ് പഴയപടി ആയപ്പോൾ, എന്ത് കൊണ്ട് സെയിൽസ് കുറഞ്ഞു എന്ന് ഒരു പാട് വിശദീകരണങ്ങൾ എനിക്ക് കൊടുക്കേണ്ടി വന്നു.
എൻ്റെ വിശദീകരണങ്ങൾ കേട്ടിട്ട്, അന്നത്തെ മാനേജർ പറഞ്ഞ പ്രയോഗമാണ്:
”യു ആർ വിക്റ്റീം ഓഫ് യൂവർ ഓൺ സക്സസ്.”
ആദ്യമായി ഈ പ്രയോഗം ഞാൻ കേട്ടതും അന്നാണ്.
” Victim of own success”
അതായത് നമ്മൾക്കുണ്ടാകുന്ന എന്തെങ്കിലും വിജയം ഭാവിയിൽ നമ്മളെ തന്നെ നശിപ്പിക്കുന്ന അവസ്ഥയെ സൂചിപ്പിക്കാനാണ് ഈ പ്രയോഗം ഉപയോഗിക്കുന്നത്.
ഒരുപാട് ഉദാഹരണങ്ങൾ നമുക്കു ചുറ്റും കാണാൻ പറ്റും.
25 വർഷം മുമ്പ് ഫോർച്യൂൺ 500 ലിസ്റ്റിൽ ഉണ്ടായിരുന്ന പല സ്ഥാപനങ്ങളും ഇന്ന് നിലവിൽ ഇല്ല.
ആ കമ്പനികളിൽ പലതും നശിക്കാനുണ്ടായ കാരണങ്ങൾ ഈ പ്രയോഗത്തിയിലൂടെ ഗൂഗിളിൽ കാണാം.
പ്രവാസികളായ പല ചെറുകിട ബിസിനസ്സ് മുതലാളിമാർക്കും, ഇത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
പെട്ടെന്ന് ബിസിനസ് അഭിവൃദ്ധിപ്പെടുമ്പോൾ, ഒരു പാട് പണം ഒഴുകി വരും.
ഈ പണം വഴിമാറ്റി വേറെ പല ആവശ്യങ്ങൾക്കായി ചെലവാക്കും.
പുതിയ വില്ലകൾ വാങ്ങാനും, കാറുകൾ വാങ്ങാനും, ആഡംബര ജീവിതത്തിനും ഉപയോഗിക്കും.
പെട്ടെന്ന് ബിസിനസിൽ ഒരു അടി കിട്ടുമ്പോൾ, ഇവരിൽ പലരും ആകെ തകർന്നു പോകും.
അപ്പോൾ തോന്നും അന്ന് കുറച്ച് പണം റിസേർവ് ചെയ്യതിരുന്നെങ്കിൽ, ഈ സമയത്ത് ഇങ്ങനെ തകർന്ന് പോകില്ലായിരുന്നല്ലോ എന്ന്.
ഒരു പക്ഷേ സാധാരണ നിലയിൽ ബിസിനസ് മുന്നോട്ടു പോയിരുന്നെങ്കിൽ, അവർക്ക് ഈ കാലഘട്ടം തരണം ചെയ്തു പോകാൻ നിഷ്പ്രയാസം സാധിച്ചേനെ.
പല മുതലാളിമാരും, പാപ്പരാകുന്നതും, ജയിലിൽ പോകുന്നതും നമ്മൾക്ക് കാണാൻ സാധിക്കും.
കേരളത്തിൽ കോടികൾ ലോട്ടറി അടിച്ച ആളുകളുടെ കഥകളും ഇങ്ങനെയൊക്കെയാണ്.
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കോടിപതിയായിവരിൽ ഭൂരിപക്ഷം ആളുകളും, പഴയ അവസ്ഥയെക്കാളും, മോശം ദാരിദ്ര്യ അവസ്ഥയിലായിരിക്കും ഇപ്പോൾ.
ഭാഗ്യം കൊണ്ട്, ചുമ്മാ കിട്ടിയ കോടികൾ കൈയിൽ വരുമ്പോൾ, കൈയിലുള്ള മുതലുകൾ കൂടി നശിച്ചു പോകുന്ന അവസ്ഥ.
പല പരാജയങ്ങളും ബുദ്ധിപൂർവ്വം ആസൂത്രണം ചെയ്യുന്ന ആളുകൾക്ക് പോലും, സ്വന്തം വിജയങ്ങൾ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ അറിയില്ല.
പരാജയത്തിൻ്റെയും, കഷ്ടപ്പാടിൻ്റയും കൈപ്പുനീർ കലർന്ന കാലഘട്ടങ്ങൾ അതിജീവിച്ച് പലർക്കും, മധുരം നിറഞ്ഞ വിജയ കാലഘട്ടങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അടി തെറ്റിയിട്ടുണ്ട്.
പരാജയത്തെക്കാൾ ഒളിച്ചിരിക്കുന്ന അപകടങ്ങൾ വിജയത്തിനാണെന്ന് തിരിച്ചറിയാൻ കഴിയാതെ പോകുന്നതാണ് ഇതിൻ്റെ മുഖ്യകാരണം.
പരാജയം നേരിട്ടുള്ള യുദ്ധം ആണെങ്കിൽ, വിജയം ഒളിപ്പോരാണ്.
എവിടുന്നാണ് പണി വരുന്നതെന്ന് അറിയാൻ പറ്റില്ല.
ഞാൻ വിജയിച്ചു, ഇനി എനിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലായെന്ന അഹങ്കാരമാണ് മറ്റൊരു കാരണം.
ഒരിക്കൽ വിജയിച്ചാൽ, ഇനി ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ എനിക്കില്ല, ഒന്നും പുതുതായി പഠിക്കാനുമില്ലയെന്നുള്ള ചിന്ത തന്നെയാണ് മറ്റൊരു കാരണം.
പരാജയങ്ങൾ പോലെ തന്നെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട മറ്റൊരു അവസ്ഥ തന്നെയാണ് വിജയങ്ങളും.
വിജയങ്ങളിൽ മതി മറക്കാതെ, ഭാവി ഭൂതം ആണെന്ന് മനസ്സിലാക്കി, കുറച്ചു മാറ്റിവെക്കുക എന്നുള്ളതാണ് ഏറ്റവും നല്ല പരിഹാരം.