LIFENewsthen Special
എൽ.പി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ ?ഗ്യാസ് സിലിണ്ടർ കാലാവധി കഴിഞ്ഞാൽ പൊട്ടിത്തെറിക്കുമോ?
Web DeskFebruary 10, 2022
എൽപി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ 40 മുതൽ 50 ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും , വിതരണക്കാരും , തേഡ് പാർട്ടി ഇൻഷുറൻസ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.മിക്കവാറും ഉപഭോക്താക്കൾക്ക് ഇക്കാര്യമറിയില്ല. ഓയിൽ കമ്പനികളോ , വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ താൽപര്യം കാണിച്ചിട്ടുമില്ല. അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകൾക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. റീഫിൽ ചെയ്ത സിലിണ്ടർ വാങ്ങുമ്പോൾതന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നൽകേണ്ടതില്ല.ഓരോ വ്യക്തികൾക്കുമായല്ല പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുവർഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വർഷംതൊറും എണ്ണക്കമ്പനികൾ തേഡ്പാർട്ടി പ്രീമിയം അടയ്ക്കുന്നത്.ഇൻഷുറൻസ് പരിരക്ഷ ഇങ്ങനെയാണ് ലഭിക്കുന്നത്
അപകട ഇൻഷുറൻസ് കവറേജ് (ഒരാൾക്ക്) – 5 ലക്ഷം
ചികിത്സാ ചെലവ് – 15 ലക്ഷം
അടിയന്തര സഹായം ഓരോരുത്തർക്കും 25,000 രൂപവീതം.
വസ്തുവിനുണ്ടാകുന്ന കേടുപാടുകൾക്ക് – ഒരു ലക്ഷം.
അപകടമുണ്ടായാൽ വിതരണക്കാരെ രേഖാമൂലം അറിയിക്കുക.വിതരണക്കാർ എണ്ണക്കമ്പനികളെയും , ഇൻഷുറൻസ് കമ്പനിയെയും അപകടവിവരം അറിയിക്കും. അതായത് ഉപഭോക്താവ് നേരിട്ട് ഇൻഷുറൻസ് കമ്പനിയെ സമീപിക്കേണ്ടതില്ല എന്ന് സാരം.
ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിതരണക്കാരൻ സഹായിക്കും.പരിരക്ഷ ലഭിക്കാൻ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ ഇവയൊക്കെയാണ്.
ഐഎസ്ഐ മാർക്കുള്ള ഉപകരണങ്ങൾ (ലൈറ്റർ, ഗ്യാസ് സ്റ്റൗ, ട്യൂബ് തുടങ്ങിയവ) ഉപയോഗിക്കുക.
കണക്ഷൻ എടുക്കുമ്പോൾ ഗ്യാസ് ഏജൻസിക്ക് കൊടുത്തിട്ടുള്ള അല്ലെങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മേൽവിലാസത്തിൽ വച്ച് നടക്കുന്ന അപകടങ്ങൾക്കു മാത്രമേ ഇൻഷുറൻസ് കവറേജ് ലഭിക്കുകയുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ദ്രവീകൃത പെട്രോളിയം വാതകമാണ് (എൽ.പി.ജി.) ഇന്ത്യയിൽ മുഖ്യമായും പാചകാവശ്യത്തിന് ഉപയോഗിക്കുന്ന ഇന്ധനം. ഉരുക്ക് സിലിണ്ടറുകളിലാണ് ഇന്ത്യയിൽ പാചകവാതകം വിതരണം ചെയ്യുന്നത്. ഗാർഹിക ആവശ്യങ്ങൾക്ക് 14.2 കിലോഗ്രാമും , വ്യാവസായികാവശ്യങ്ങൾക്ക് 19 കിലോഗ്രാമും ആണ് വിതരണം ചെയ്തുവരുന്നത്.
പെട്രോളിയം വാതക സിലിണ്ടറുമായി ബന്ധപ്പെട്ട അപകട സാധ്യതകളെ പ്രധാനമായും രണ്ടായി തിരിക്കാം.
റഗുലേറ്ററിന് ശേഷമുള്ള ഭാഗത്തുണ്ടാകുന്നവ.
റഗുലേറ്റർ ഘടിപ്പിക്കുന്ന ഭാഗത്തുണ്ടാകുന്നവ.
റഗുലേറ്ററിന് ശേഷമുള്ള ഭാഗത്ത് – ട്യൂബിലോ , സ്റ്റൗവ്വിലോ – ലീക്കോ തീപ്പിടിത്തമോ ഉണ്ടാകുകയാണെങ്കിൽ റഗുലേറ്റർ ഓഫ് ചെയ്ത് ലീക്കോ തീപ്പിടിത്തമോ ഒഴിവാക്കാം.
റഗുലേറ്റർ ഘടിപ്പിക്കുന്ന ഭാഗത്ത് ലീക്കുണ്ടാകാൻ സാധ്യതയുണ്ട്. സിലിണ്ടറിന്റെ വായ ഭാഗത്ത് ഒരു നോൺ-റിട്ടേൺ വാൽവുണ്ട്. ഈ വാൽവിൽ എന്തെങ്കിലും കരട് കുടുങ്ങുകയോ ,വാൽവിന്റെ സീറ്റിങ് ശരിയാകാതെവരികയോ ചെയ്യുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. അത്തരം സാഹചര്യത്തിൽ ആദ്യം ചെയ്യേണ്ടത് സിലിണ്ടർ ഒരു തുറസ്സായ ഇടത്തേക്ക് മാറ്റുകയാണ്. ലീക്കായി പുറത്തുവരുന്ന പെട്രോളിയം വാതകം ഒരിടത്ത് തന്നെ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാനാണിത്. പെട്രോളിയം വാതകം ഒരിടത്ത് തന്നെ കുമിഞ്ഞുകൂടാനിടവന്നാൽ അത് വലിയ അപകടത്തിന് കാരണമാകും. പെട്രോളിയം വാതകത്തിന് അന്തരീക്ഷ വായുവിനേക്കാൾ ഭാരം കൂടുതലായതിനാൽ അത് തറനിരപ്പിലാണ് വ്യാപിക്കുന്നത്. ഇങ്ങനെ വ്യാപിച്ച വാതകം അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർന്ന് കത്താൻ പര്യാപ്തമായ മിശ്രിതം ഉണ്ടാകാനും ആ മിശ്രിതം ഒരു ചെറിയ ജ്വാലയുടെ സാനിധ്യത്തിൽ അത്യുഗ്രമായി കത്താനും സാധ്യതയുണ്ട്. ഇതോഴിവാക്കാൻ സിലിണ്ടർ ഒരു തുറസ്സായ ഇടത്തേക്ക് മാറ്റേണ്ടതുണ്ട്. ഇനി ഇങ്ങനെ വാൽവിൽ എന്തെങ്കിലും കരട് കുടുങ്ങിയോ മറ്റോ ലീക്കുണ്ടായാൽ എളുപ്പം തന്നെ ആ ലീക്ക് ഒഴിവാക്കാം. ഒരു പെൻസിലോ , പേനയോ കൊണ്ട് ആ വാൽവിൽ നന്നായി അമർത്തിയാൽ ലീക്ക് നിൽക്കും.
അത്യപൂർവ്വമായി മാത്രമെ എൽ. പി.ജി. സിലിണ്ടർ പൊട്ടിത്തെറിക്കുകയുള്ളൂ. സിലിണ്ടർ പൊട്ടിത്തെറിക്കാനുള്ള ഏക സാഹചര്യം ബ്ലെവി (BLEVE- Boiling Liquid Expanding Vapour Explosion) ആണ്. സിലിണ്ടറിനകത്തുള്ള ദ്രാവക രൂപത്തിലുള്ള ഇന്ധനം വളരെ ഉയർന്ന താപം ( 400°C ന് മുകളിൽ ) ലഭിക്കുക വഴി സ്വയം വാതകമായി മാറുമ്പോഴുണ്ടാകുന്ന ( 1:270 എന്ന തോതിൽ) ഉന്നത മർദ്ദത്താൽ സിലിണ്ടർ പൊട്ടിത്തെറിക്കുന്ന സ്ഥിതിവിശേഷമാണ് ബ്ലെവി. ആയതിനാൽ എൽ. പി.ജി. സിലിണ്ടറിന് തീ പിടിച്ചാൽ അടിയന്തരമായി ചെയ്യെണ്ട കാര്യം സിലിണ്ടർ ചൂടാകാതെ സൂക്ഷിക്കുക എന്നതാണ്. ഇതിനായി തീപ്പിടിച്ച് കത്തുന്ന സിലിണ്ടർ തുടർച്ചയായി നനച്ചു കൊണ്ടിരിക്കുക. എൽ. പി.ജി. സിലിണ്ടറിന് തീ പിടിച്ചും അല്ലാതെയും ഈ അവസ്ഥ സംജാതമാകാം.