FoodLIFE

വെറും രണ്ടുമിനിറ്റ് മതി, മയണൈസ് റെഡി

റുത്തതും പൊരിച്ചതുമൊക്കെ കഴിക്കുമ്പോൾ സോസിനൊപ്പം മയണൈസും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ് ഇന്ന് നമ്മളിൽ പലരും.ചിലർക്ക് അത്രയേറെ ഇഷ്ടമാണ് മയണൈസിന്റെ രുചി.കുബ്ബൂസിനും ഷവർമയ്ക്കൂം ചിക്കൻ ഫ്രൈക്കും കുഴിമന്തിക്കും എന്തിനധികം ചപ്പാത്തിക്കൊപ്പം വരെ മയണൈസ് ഉപയോഗിക്കുന്നവരുണ്ട്. റെസ്റ്ററന്റ് രുചികളിൽ മാത്രമല്ല വീട്ടിലും വേണമെങ്കിൽ മയണൈസ് ഉണ്ടാക്കാം.വെറും രണ്ടു മിനിറ്റിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് മയണൈസ്. മുട്ടയും വെളുത്തുള്ളിയും വിനാഗിരിയുമൊക്കെ ഉപയോഗിച്ചാണ് മയണൈസ് ഉണ്ടാക്കുന്നത്.മുട്ടയുടെ വെള്ള മാത്രം ഉപയോഗിച്ചും മുട്ട മുഴുവനായി എടുത്തും മയണൈസ് ഉണ്ടാക്കാവുന്നതാണ്.മുട്ടയുടെ മഞ്ഞ കൂടി ഉൾപ്പെടുത്തി മയണൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

മുട്ട- രണ്ടെണ്ണം
വെളുത്തുള്ളി- രണ്ട് അല്ലി
വിനാഗിരി- ആവശ്യത്തിന്
റിഫൈൻഡ് ഓയിൽ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ടു മുട്ടയുടെ വെള്ളയും ഒരു മുട്ടയുടെ മഞ്ഞയും മിക്സിയിലെ ജാറിലേക്ക് ഇടുക. ഇതിലേക്ക് രണ്ടല്ലി വെളുത്തുള്ളിയും ചേർക്കുക. ഇനി മിക്സിയിൽ ചമ്മന്തിയും മറ്റും ചതയ്ക്കുന്ന മോഡിലിട്ട് നന്നായൊന്ന് അടിച്ചെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയും അൽപം ഉപ്പും ചേർത്ത് വീണ്ടും അടിക്കുക. ശേഷം റിഫൈൻഡ് ഓയിൽ ചേർത്ത് കുറേശ്ശെയായി അടിച്ചെടുക്കുക. കട്ടി കുറവാണെന്നു തോന്നിയാൽ വീണ്ടും എണ്ണ ചേർത്ത് അടിച്ചെടുക്കുക. ആവശ്യമുള്ള കട്ടിയിൽ ആയതിനുശേഷം പാത്രത്തിലേക്ക് മാറ്റുക.

നോട്ട്:രുചി കൂടുതലാണ്, കഴിക്കാൻ ഹരമാണ് എന്നതിലൊന്നും തർക്കമില്ല. രുചി കൂടുതലുള്ള സംഗതികൾ മിക്കതും നല്ലതല്ലെന്ന് നമുക്കറിയാം.അതിനാൽ ഇതിന്റെ ഉപയോഗവും വല്ലപ്പോഴും മാത്രം മതി.

Back to top button
error: