‘മുള്ളുമുരിക്കിൽ കെട്ടിയിട്ട് അടിക്കണം’ എന്ന പ്രയോഗത്തിന് ഒരു കടുത്തശിക്ഷയുടെ സ്വഭാവമുണ്ട്.കാരണം മുരിക്കുമരത്തിൽ മുഴുവൻ മുള്ളാണ്. എന്നാൽ ശിക്ഷയേക്കാൾ കൂടുതൽ രക്ഷയ്ക്കാണ് പണ്ടുകാലത്ത് മുരിക്ക് ഉപയോഗിച്ചിരുന്നത്.ഇന്ന് കണികാണാൻ പോലുമില്ല എന്ന് മാത്രം!
മുയലുകളുടെയും ആടുകളുടെയും പ്രിയപ്പെട്ട തീറ്റയായിരുന്നു മുരിക്കില.അതിന്റെ ഗുണം മുയലിറച്ചിയിലും ആട്ടിറച്ചിയിലും കാണുകയും ചെയ്യുമായിരുന്നു.മുരിക്കില കൊണ്ട് നമുക്കും നല്ല ഒന്നാന്തരം തോരൻ വെക്കാം.ഒട്ടേറെ പോഷകങ്ങളുണ്ടിതിൽ. പയറിലയുടെ അതേരുചിയാണ് ഇതിന്.നല്ല നാരുള്ളതുകൊണ്ട് ദഹനവും എളുപ്പം.ഇഡ്ഡലി തട്ടിൽ മുരിക്കില വച്ചുണ്ടാക്കിയ ഇഡ്ഡലി പോഷകഗുണങ്ങളിൽ മുൻപന്തിയിലായിരുന്നു.
ബംഗാളിൽ ശോധനക്കുറവിന് മുരിക്കില കിച്ചടിയായി ഉപയോഗിക്കുന്നുണ്ട്. കൃമിശല്യത്തിനും മൂലക്കുരുവിനുമെല്ലാം മുരിക്ക് ഉത്തമമത്രേ. ഇല, വിത്ത്, തടി, തൊലി, പൂവ് എന്നിവയെല്ലാം ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു.മുറിവെണ്ണ, നാരായണതൈലം, അഭയലവണ, ഗോപാൽതൈലം എന്നിവയ്ക്കെല്ലാം മുരിക്ക് അത്യന്താപേക്ഷിതമാണ്.
കർണാടകത്തിൽ മുലപ്പാൽ വർധിക്കാനും തമിഴ്നാട്ടിൽ കൊളസ്ട്രോൾ കുറയ്ക്കാനും ബർമയിൽ പനിക്കും ചൈനയിൽ കരൾരോഗത്തിനും ഇൻഡൊനീഷ്യയിൽ വയറിളക്കത്തിനും ചികിത്സയ്ക്ക് മുരിക്കിന്റെ വിവിധഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട്.ഇതുകൊണ്ട് ആർത്തവക്രമക്കേടും ഇല്ലാതാക്കാം.വാതരോഗികൾ മുരിക്കിൻപലകകൊണ്ടുള്ള കട്ടിലിൽ കിടക്കുന്നതും ഉത്തമം.ഇത്രത്തോളം പ്രാധാന്യമുള്ള മുരിക്കിനെ ഇന്ന് കേരളത്തിൽ കണികാണാൻ പോലും ഇല്ല !!