ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൗമാരക്കാരിലെ വാക്‌സിനേഷന്‍ നാലാഴ്ച ഇടവേളയില്‍ രണ്ട് ഡോസ് എന്ന രീതിയിലാകുമെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ. എന്‍.കെ.അറോറ.
കൗമാരക്കാരില്‍ വാക്‌സിനേഷന് പ്രത്യേക തയാറെടുപ്പുകള്‍ ആവശ്യമില്ലെന്നും അറോറ പറഞ്ഞു. പ്രായപൂര്‍ത്തിയായവരെ പോലെതന്നെ പുറത്ത് സഞ്ചരിക്കുന്നവരാണ് 15 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍. രാജ്യത്തെ കോവിഡ് മരണങ്ങളില്‍ മൂന്നില്‍ രണ്ട് ഈ പ്രായത്തില്‍ ഉള്ളവരാണ്. ഇക്കാരണങ്ങളാല്‍ കൗമാരക്കാരിലെ വാക്‌സിനേഷന്‍ പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു.
അതേസമയം, സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമിക്രോണ്‍ കേസുകള്‍ 500 കടന്നു. ഡല്‍ഹിയില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു ആരംഭിക്കും. ആറ് മാസത്തിനിടയിലെ ഉയര്‍ന്ന തോതിലാണ് ഡല്‍ഹിയിലെ കോവിഡ് കണക്കുകള്‍. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 290 കോവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ രാത്രി 11 മുതല്‍ രാവിലെ അഞ്ച് വരെ ഡല്‍ഹി സര്‍ക്കാര്‍ കര്‍ഫ്യു പ്രഖ്യാപിക്കുകയായിരുന്നു.