സുഗന്ധം പടര്‍ത്തുന്ന വെളുത്ത താമരയാണ് കല്‍ഹാരം. അത് തന്റെ ചുറ്റുമുള്ള ലോകത്തെ സുഗന്ധ പൂര്‍ണമാക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്ന കല്‍ഹാര എന്ന ചെറു സിനിമയും പ്രേക്ഷകരിലേക്ക് നന്മയുടെ സുഗന്ധം പടര്‍ത്തുകയാണ്.
ചലച്ചിത്ര താരം മീനാക്ഷി അനൂപ് കേന്ദ്രകഥാപാത്രമാകുന്ന കല്‍ഹാര നിശബ്ദമാക്കപ്പെടുന്ന ചില സമകാലിക സംഭവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പഞ്ചമി ജി.കെ. രചനയും നിര്‍മാണവും നിര്‍വഹിച്ച ചിത്രം വിഷ്ണു വി. ഗോപാലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
അനു എന്ന കൗമാരക്കാരിയുടെ ഒരു ദിവസത്തെ സംഭവങ്ങളാണ് കല്‍ഹാരയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. അനുവായി മീനാക്ഷി എത്തുന്നു.
നമ്മുടെ പെണ്‍കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണെന്ന ചോദ്യം ഉയര്‍ത്തുമ്പോള്‍ തന്നെ നിശബ്ദരാകേണ്ടവരല്ല പെണ്‍കുട്ടികള്‍ എന്ന വലിയ സന്ദേശമാണ് ചിത്രം പകരുന്നത്.
പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ ആകുലത കൃത്യമായി പ്രേക്ഷകരിലേക്കു പകരുന്നതില്‍ ചിത്രത്തിനു സാധിച്ചിട്ടുണ്ട്. ഗ്രാമത്തിന്റെ ഭംഗിയും കുടുംബ ബന്ധത്തിന്റെ തീവ്രതയും ഒരുമിച്ചു ചേരുന്ന കല്‍ഹാര സമൂഹ മാധ്യമങ്ങളിലും ഇതിനോടകം വളരെ ചര്‍ച്ച സൃഷ്ടിക്കുകയാണ്.
അനു സ്‌കൂളിലെത്തുമ്പോള്‍ സാക്ഷിയാകുന്ന സംഭവത്തിനോട് അവളും സുഹൃത്തുക്കളും പ്രതികരിക്കുന്നതും അത് വലിയൊരു പാഠമായി സമൂഹത്തിനു പകരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
രണ്ടു പെണ്‍കുട്ടികളുടെ മാതാവ് എന്ന നിലയില്‍ സമൂഹത്തിലേക്കു കണ്ണും കാതും കൂര്‍പ്പിച്ചുവെക്കാനും മുന്നിലെ ഓരോ ജീവിതങ്ങളെ കണ്‍തുറന്നു കാണാനും നമുക്കു ചുറ്റമുള്ള സംഭവവികാസങ്ങളോട് പ്രതികരിക്കാനും ആഹ്വാനം പകര്‍ന്ന് കലാകാരിയെന്നുള്ള പ്രതിബദ്ധത തന്റെ ആദ്യ ചിത്രത്തിലൂടെ പങ്കുവെയ്ക്കുകയാണ് പഞ്ചമി.