തൃശൂര്‍: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി രമേശാണ് ഈ മാസം 12ന് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ബ്ലേഡ് മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കി.
ആഗസ്റ്റ് 6–ാം തീയതിയാണ് കുടുംബ സുഹൃത്തിന്റെ ബന്ധുവിന്റെ കമ്പനിയില്‍ നിന്ന് 5000 രൂപ രമേശ് പലിശക്കെടുത്തത്. പ്രതിദിനം 300 രൂപ പലിശ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. തവണകളായി ഇതുവരെ10,300 രൂപ തിരികെ നല്‍കിയെങ്കിലും രമേശിനെ പലിശക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു. മാത്രമല്ല രമേശിന്റെ ഭാര്യയെ ഫോണിലൂടെ പലിശക്കാര്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.
പണം കൊടുക്കാതായപ്പോള്‍ രമേശന്റെ വാഹനം ബ്ലേഡ് മാഫിയ പിടിച്ചെടുത്തു. പൊലീസില്‍ പരാതി നല്‍കിയതോടെ ഭീഷണി വര്‍ധിച്ചു. ഇതില്‍ മനം നൊന്താണ് രമേശ് ആത്മഹത്യ ചെയ്തത് എന്ന് രമേശിന്റെ കുടുംബം പറഞ്ഞു. പെയിന്റിങ് തൊഴിലാളിയായിരുന്നു രമേശ്.